വാഷിങ്ടൺ: ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് നിലവിൽ അനുവദിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാൻ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) നീക്കം തുടങ്ങി. എച്ച്-1ബി, എൽ-1 തുടങ്ങിയ നോൺ-ഇമിഗ്രന്റ് വിസകളുള്ളവർക്ക് ജോലി അവസാനിച്ച ശേഷം പുതിയ ജോലി കണ്ടെത്താനും വിസാ സ്റ്റാറ്റസ് മാറ്റാനും യുഎസ് വിടാനുള്ള ക്രമീകരണങ്ങൾ നടത്താനും ലഭിക്കുന്ന സമയമാണ് ഇതോടെ ഇല്ലാതാകുക. പുതിയ നിർദേശത്തിന്റെ പ്രധാന ആഘാതം ഇന്ത്യൻ സമൂഹത്തിനായിരിക്കും. എച്ച്-1ബി വിസ ഉടമകൾ, കമ്പനിക്കുള്ളിലെ സ്ഥലംമാറ്റത്തിലൂടെ യുഎസിലെത്തുന്ന എൽ-1 വിസ ഉടമകൾ, അസാധാരണ കഴിവുള്ളവർക്ക് നൽകുന്ന ഒ-1 വിസ ഉടമകൾ എന്നിവരെയാണ് പ്രധാനമായും ബാധിക്കുക.
നിലവിലെ നിയമപ്രകാരം ജോലി നഷ്ടപ്പെടുകയോ തൊഴിൽ അവസാനിക്കുകയോ ചെയ്താൽ പരമാവധി 60 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. എന്നാൽ അംഗീകൃത താമസകാലാവധി അതിന് മുമ്പ് അവസാനിക്കുകയാണെങ്കിൽ അതാണ് ബാധകമാകുക. ഈ കാലയളവിലാണ് പലരും പുതിയ തൊഴിലുടമയെ കണ്ടെത്തുന്നത്. ആവശ്യമെങ്കിൽ ബി-1/ബി-2 സന്ദർശക വിസയിലേക്ക് സ്റ്റാറ്റസ് മാറ്റുന്നതിനും യുഎസിൽ നിയമപരമായി തുടരുന്നതിനും ഈ സമയം ഉപയോഗിക്കാം.
2016ൽ DHS തന്നെയാണ് 60 ദിവസത്തെ ഗ്രേസ് പിരീഡ് അവതരിപ്പിച്ചത്. പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും തൊഴിലാളിയുടെ കുറ്റമല്ലെന്നും, ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ സമയം നൽകുന്നത് യുഎസ് തൊഴിലുടമകൾക്കും ഗുണകരമാണെന്നും അന്ന് വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ നിർദേശത്തിൽ തൊഴിൽ അവസാനിച്ച ശേഷവും 60 ദിവസം നിയമപരമായി യുഎസിൽ തുടരാൻ അനുവദിക്കുന്നത് തൊഴിൽ അടിസ്ഥാനമാക്കിയുള്ള വിസകളുടെ സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് DHS പറയുന്നത്. നേരത്തെയുള്ള നിയമത്തിൽ ഗ്രേസ് പിരീഡിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾ വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കി.
ഗ്രേസ് പിരീഡ് ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന മനുഷ്യ-സാമ്പത്തിക പ്രത്യാഘാതങ്ങളും DHS അംഗീകരിക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ട ചിലർക്ക് യുഎസ് വിടേണ്ടിവരും. തുടർന്ന് പുതിയ ജോലി ലഭിച്ചാൽ വീണ്ടും യുഎസിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. ചിലർക്ക് ‘നോട്ടീസ് ടു അപിയർ’ (NTA) ലഭിക്കുകയും നാടുകടത്തൽ നടപടികൾ നേരിടേണ്ടിവരികയും ചെയ്യാം. വർഷങ്ങളായി യുഎസിൽ താമസിക്കുന്ന വിദേശ തൊഴിലാളികളെയും കുടുംബങ്ങളെയും തീരുമാനം കാര്യമായി ബാധിക്കാമെന്നും DHS ചൂണ്ടിക്കാട്ടുന്നു. പലരും വീടുകൾ വാങ്ങുകയും നികുതി അടയ്ക്കുകയും പ്രാദേശിക സമൂഹത്തിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ജോലി അവസാനിച്ച ശേഷവും 60 ദിവസം വരെ നിയമപരമായി തുടരാനാകുമെന്ന പ്രതീക്ഷയിൽ വ്യക്തിജീവിതത്തിലും കരിയറിലും പദ്ധതികൾ തയ്യാറാക്കിയവരുമുണ്ട്.
എന്നിരുന്നാലും, ഗ്രേസ് പിരീഡ് നിലനിർത്തുന്നതിന്റെ ചെലവുകളേക്കാൾ അത് ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളാണ് പ്രധാനമെന്നാണ് DHSയുടെ നിലപാട്. തൊഴിൽ അടിസ്ഥാനമാക്കിയുള്ള വിസകളുടെ സ്വഭാവം പുനഃസ്ഥാപിക്കുകയും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) ഭരണപരമായ ബാധ്യത കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും വകുപ്പ് പറയുന്നു. നിർദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. അന്തിമ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള നടപടികൾ പൂർത്തിയാകാൻ ഏതാനും മാസങ്ങൾ എടുത്തേക്കും.
ഇമിഗ്രേഷൻ അഭിഭാഷകൻ സൈറസ് ഡി. മേത്തയുടെ അഭിപ്രായത്തിൽ, 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കിയാൽ ജോലി നേരത്തെ അവസാനിക്കുന്ന വിദേശ പൗരന്മാർക്കും അവരുടെ ആശ്രിതർക്കും യുഎസിലെ നിയമപരമായ സ്റ്റാറ്റസ് നിലനിർത്താൻ കഴിയില്ല. പൊതുവെ അവർ ഉടൻ രാജ്യം വിടേണ്ടിവരും. USCIS പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് സ്റ്റാറ്റസ് മാറ്റാനോ പുതിയ തൊഴിലുടമയിലേക്ക് മാറാനോ അനുവദിച്ചാൽ മാത്രമേ യുഎസിൽ തുടരാൻ സാധിക്കൂ.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആഘാതം വലുതായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2025 സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ USCIS കണക്കുകൾ പ്രകാരം, ആദ്യ തൊഴിൽ ആവശ്യത്തിനായി അംഗീകരിച്ച 1,14,806 എച്ച്-1ബി ഹർജികളിൽ 57,747 ഗുണഭോക്താക്കൾ ഇന്ത്യയിൽ ജനിച്ചവരാണ്. ഇത് 50.3 ശതമാനമാണ്. തുടർച്ചയായ തൊഴിൽ വിഭാഗത്തിൽ ഇന്ത്യക്കാരുടെ പങ്ക് 77.6 ശതമാനമാണ്. ഈ വിഭാഗത്തിൽ അംഗീകരിച്ച 2,91,542 എച്ച്-1ബി ഹർജികളിൽ 2,26,359 ഗുണഭോക്താക്കളും ഇന്ത്യയിൽ ജനിച്ചവരാണ്.
അതേസമയം, ജോലി നഷ്ടപ്പെട്ട വിദേശ തൊഴിലാളികൾക്കെതിരായ നടപടികൾ ട്രംപ് ഭരണകൂടം ഇതിനകം കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. 60 ദിവസത്തെ ഗ്രേസ് പിരീഡ് ഉപയോഗിച്ച് ബി-1/ബി-2 വിസാ സ്റ്റാറ്റസിലേക്ക് മാറി യുഎസിൽ തുടരുന്നവർക്ക് പുതിയ ജോലി അന്വേഷിക്കുന്നതിനിടെ കൂടുതൽ ‘റിക്വസ്റ്റ് ഫോർ എവിഡൻസ്’ (RFE) ലഭിക്കുന്നതായി അവർ പറയുന്നു. ചില കേസുകളിൽ ‘നോട്ടീസ് ഓഫ് ഇന്റന്റ് ടു ഡിനൈ’ (NOID) പോലുള്ള നടപടികളും നേരിടേണ്ടിവരുന്നുണ്ട്. അതിനാൽ, അന്തിമ നിയമം നിലവിൽ വരുന്നതുവരെ 60 ദിവസത്തെ ഗ്രേസ് പിരീഡ് തുടരുമെങ്കിലും, ജോലി നഷ്ടപ്പെട്ട ശേഷം പുതിയ വിസാ സ്റ്റാറ്റസിലേക്ക് മാറി യുഎസിൽ തുടരുന്നത് ഇതിനകം തന്നെ കൂടുതൽ വെല്ലുവിളി നിറഞ്ഞിരിക്കുകയാണ്.
The US department of homeland security (DHS) on Thursday released a draft proposal to eliminate the 60-day grace period, currently available to certain non-immigrant workers (such as H-1B and L-1 visa holders) following termination of employment.











