2025 മാർച്ചിൽ ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞൻ അമേരിക്കയിലെ ഒരു വിമാനത്താവളത്തിലെത്തി. അദ്ദേഹത്തിന് സാധുവായ വിസയും മടക്കയാത്രാ ടിക്കറ്റും ഒരു അമേരിക്കൻ സർവകലാശാലയുടെ ക്ഷണക്കത്തും ഉണ്ടായിരുന്നു. ഇതിന് മുമ്പ് നിരവധി തവണ അദ്ദേഹം അമേരിക്ക സന്ദർശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തവണ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ അദ്ദേഹത്തെ സെക്കൻഡറി പരിശോധനയ്ക്ക് വിധേയനാക്കി. ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. അദ്ദേഹം അതിന് സമ്മതിച്ചു. ഫോൺ പരിശോധനയിൽ സഹപ്രവർത്തകരുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളിൽ ട്രംപ് ഭരണകൂടത്തിന്റെ ഗവേഷണ ഫണ്ടിങ് നയങ്ങളെ വിമർശിച്ച സന്ദേശങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് അദ്ദേഹത്തിന് അമേരിക്കയിൽ പ്രവേശനം നിഷേധിക്കുകയും അതേ ദിവസം ഫ്രാൻസിലേക്ക് തിരിച്ചയക്കുകയും ചെയ്തതായി Global immigration updates എന്ന യൂട്യൂബ് ചാനലിൽ സാകിബ് പറയുന്നു. യുഎസ് പ്രവേശനയിടങ്ങളിലെ ഫോൺ പരിശോധനയെ കുറിച്ച് കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സായിബ് എന്ന വ്യക്തി തൻ്റെ Global immigration updates എന്ന യൂട്യൂബ് ചാനലിലൂടെ
യുഎസ് പ്രവേശനയിടങ്ങളിലെ ഇലക്ട്രോണിക് ഉപകരണ പരിശോധന വർധിക്കുന്നു
2025 സാമ്പത്തിക വർഷത്തിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും 55,318 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ പരിശോധിച്ച 47,047 ഉപകരണങ്ങളെ അപേക്ഷിച്ച് ഇത് 17.6 ശതമാനം വർധനയാണ്. 2023നെ അപേക്ഷിച്ച് ഏകദേശം 32 ശതമാനം വർധനയും രേഖപ്പെടുത്തി. 2016ൽ ഏകദേശം 19,000 ഉപകരണങ്ങളാണ് പരിശോധിച്ചത്. അതായത് പത്ത് വർഷത്തിനിടെ പരിശോധനകളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായെന്നും സാകിബ് തൻ്റെ യൂട്യൂബ് വീഡിയോയിൽ പറയുന്നു.
രണ്ട് തരത്തിലുള്ള പരിശോധന
ബേസിക് പരിശോധന: ഉദ്യോഗസ്ഥർ ഉപകരണം നേരിട്ട് എടുത്ത് പരിശോധിക്കുന്ന രീതിയാണിത്. ഫോൺ സന്ദേശങ്ങൾ, ഫോട്ടോകൾ, ആപ്പുകൾ, ബ്രൗസർ ഹിസ്റ്ററി തുടങ്ങിയവ പരിശോധിക്കാം. ഈ തരത്തിലുള്ള പരിശോധനയ്ക്ക് സാധാരണയായി വാറന്റോ പ്രത്യേക സംശയത്തിന്റെ തെളിവോ ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അഡ്വാൻസ്ഡ് പരിശോധന: ഫോറൻസിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഫോണിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതാണ് അഡ്വാൻസ്ഡ് പരിശോധന. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ, ഫോട്ടോകൾ, ആപ്പ് ഡാറ്റ, ലൊക്കേഷൻ വിവരങ്ങൾ, കോൾ ലോഗുകൾ, വൈ-ഫൈ കണക്ഷൻ വിവരങ്ങൾ, മെറ്റാഡാറ്റ തുടങ്ങിയവ ഇതിലൂടെ പരിശോധിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.
സ്വകാര്യ സന്ദേശങ്ങളും എൻക്രിപ്റ്റഡ് ചാറ്റുകളും
വാട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ സുരക്ഷിതമാണെന്ന് പലരും കരുതുന്നു. എന്നാൽ ഫോൺ അൺലോക്ക് ചെയ്താൽ, ഫോണിൽ നേരിട്ട് ലഭ്യമായ സന്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കാണാൻ കഴിയുമെന്നും സകിബ് തൻ്റെ വീഡിയോയിൽ പറയുന്നു.
Cellebrite, GrayKey തുടങ്ങിയ ഫോറൻസിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും ചില സാഹചര്യങ്ങളിൽ ഡിലീറ്റ് ചെയ്ത ഡാറ്റയുടെ ഭാഗങ്ങൾ വീണ്ടെടുക്കാനും കഴിയുമെന്ന് ഇതിൽ പറയുന്നു.
ICEയും സ്പൈവെയറും
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) പോലുള്ള ഏജൻസികൾ ഫോൺ നിരീക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുവെന്ന അവകാശവാദവും വീഡിയോയിലുണ്ട്. Paragon Solutions-ന്റെ Graphite പോലുള്ള സ്പൈവെയർ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപയോക്താവ് ഒന്നും ക്ലിക്ക് ചെയ്യാതെയും ഫോണിൽ പ്രവേശിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.
ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെതിരെ സ്വകാര്യതാ സംരക്ഷണ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും സാകിബ് പറയുന്നു.
സോഷ്യൽ മീഡിയ പരിശോധന
കുടിയേറ്റ വിസ അപേക്ഷകരുടെ ഓൺലൈൻ സാന്നിധ്യം പരിശോധിക്കുന്ന നടപടികൾ അമേരിക്ക ശക്തമാക്കിയതായും വീഡിയോയിൽ പറയുന്നുണ്ട്. വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഓൺലൈൻ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാകാം.
വിസ, ഗ്രീൻ കാർഡ്, അസൈലം തുടങ്ങിയ കുടിയേറ്റ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തിയുടെ ഡിജിറ്റൽ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ അത് അധിക പരിശോധനയ്ക്ക് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഫോണിലെ മറ്റ് വിവരങ്ങളും പരിശോധിക്കാം
അഡ്വാൻസ്ഡ് ഫോറൻസിക് പരിശോധനയിൽ സന്ദേശങ്ങൾക്കും ഫോട്ടോകൾക്കും പുറമെ ബ്രൗസർ ഹിസ്റ്ററി, ഗൂഗിൾ സെർച്ച് ചരിത്രം, ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ, വൈ-ഫൈ നെറ്റ്‌വർക്ക് ചരിത്രം, ബ്ലൂടൂത്ത് കണക്ഷനുകൾ, കോൺടാക്ടുകൾ, കലണ്ടർ വിവരങ്ങൾ, നോട്ട്സ്, വോയ്സ് മെമ്മോകൾ, ഡൗൺലോഡ് ചെയ്ത ഫയലുകൾ, ലൊക്കേഷൻ സംബന്ധമായ വിവരങ്ങൾ, ആപ്പ് ഡാറ്റ തുടങ്ങിയ വിവരങ്ങളും പരിശോധിക്കാം.
ഫോണിൽ അവശേഷിക്കുന്ന ചെറിയ ഡിജിറ്റൽ വിവരങ്ങൾ പോലും ഒരാളുടെ യാത്ര, ജോലി, താമസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ ചിത്രം നൽകാൻ കഴിയുമെന്നാണ് സാകിബിൻ്റെ വാദം.
യാത്രയ്ക്ക് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകൾ
പ്രത്യേകം ഫോൺ ഉപയോഗിക്കുക
അതിർത്തി കടക്കുമ്പോൾ പ്രധാന ഫോണിന് പകരം യാത്രയ്ക്കായി പ്രത്യേകം ഫോൺ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമായി വീഡിയോയിൽ നിർദേശിക്കുന്നു. യാത്രയ്ക്ക് ആവശ്യമായ ആപ്പുകളും അടിസ്ഥാന വിവരങ്ങളും മാത്രം അതിൽ സൂക്ഷിക്കുക.
ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക
പ്രധാന ഫോൺ കൊണ്ടുപോകേണ്ട സാഹചര്യമാണെങ്കിൽ ആവശ്യമായ വിവരങ്ങൾ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്യാമെന്ന് പറയുന്നു. അതിർത്തി കടന്ന ശേഷം ആവശ്യമായ വിവരങ്ങൾ വീണ്ടും ഫോണിലേക്ക് കൊണ്ടുവരാം.
ബയോമെട്രിക് ലോക്ക് ഒഴിവാക്കുക
അതിർത്തിയിൽ എത്തുന്നതിന് മുമ്പ് Face ID, ഫിംഗർപ്രിന്റ് തുടങ്ങിയ ബയോമെട്രിക് സുരക്ഷയ്ക്ക് പകരം ശക്തമായ പാസ്‌കോഡ് ഉപയോഗിക്കണമെന്നും സാകിബ് നിർദേശിക്കുന്നു. എന്നാൽ അമേരിക്കയിലെ നിയമനിലപാട് സങ്കീർണമാണെന്നും എല്ലാ സാഹചര്യങ്ങളിലും ഇത് പൂർണ സംരക്ഷണം നൽകില്ലെന്നും പ്രത്യേകം ശ്രദ്ധിക്കണം.
എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക
ഫോൺ എയർപ്ലെയിൻ മോഡിലാക്കുന്നത് ക്ലൗഡിൽ നിന്നുള്ള ഡാറ്റ സ്വമേധയാ ലോഡ് ചെയ്യുന്നത് പരിമിതപ്പെടുത്താൻ സഹായിക്കുമെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ ഫോണിൽ ഇതിനകം തന്നെ ലോക്കലായി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഇതിലൂടെ ഇല്ലാതാകില്ല.
സ്വന്തം നിയമപരമായ അവകാശങ്ങൾ മനസ്സിലാക്കുക
ഫോൺ അൺലോക്ക് ചെയ്യാൻ വിസമ്മതിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ ഒരാളുടെ കുടിയേറ്റ പദവി അനുസരിച്ച് വ്യത്യാസപ്പെടാം. അമേരിക്കൻ പൗരൻ, ഗ്രീൻ കാർഡ് ഉടമ, വിസ ഉടമ, അസൈലം അപേക്ഷകൻ തുടങ്ങിയവരുടെ നിയമപരമായ സ്ഥിതി ഒരുപോലെയല്ല. അതിനാൽ യാത്രയ്ക്ക് മുമ്പ് കുടിയേറ്റ നിയമത്തിൽ പരിചയമുള്ള അഭിഭാഷകന്റെ നിയമോപദേശം തേടുന്നത് ഉചിതമാണെന്നും സാകിബ് തൻ്റെ വീഡിയോയിൽ പറയുന്നു.
Phone Checks at US Ports of Entry: What Immigrants Need to Know















