ഇഡി ഈ റെയ്‌ഡ് കരുതിക്കൂട്ടി നടത്തിയത്; ഇതുകൊണ്ടൊന്നും സിപിഐഎം തളരില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഇഡിയുടെ ഈ റെയ്ഡ് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. തൻ്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഇഡിയുടെ ഈ പരിശോധന രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണ്. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്‌ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് മുൻപ് പരസ്യമായി ചോദിച്ച രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഇത് സന്തോഷം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബിജെപി ഗവൺമെൻ്റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഒരു തുടക്കം മാത്രമായി മാത്രമേ ഇത് കാണുന്നുള്ളൂ. ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.വന്ന ടീം നിർദേശം അനുസരിച്ച് വരുന്നതാണ്, അധികൃതർ പറയുന്നത് അനുസരിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. പാർട്ടി ശത്രുക്കൾ കൊത്തിവലിക്കാൻ തയാറായിട്ടുള്ള ഘട്ടത്തിൽ പാർട്ടി പിന്തുണ നൽകി. ആ പിന്തുണക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും എല്ലാവർക്കും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഇഡിയുടെ റെയ്ഡിൽ, സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ ദേശീയ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മുൻമന്ത്രി മുഹമ്മദ് റിയാസും വിമർശിച്ചു. മതനിരപേക്ഷതയ്ക്ക് വേണ്ടി സ്വന്തം ജീവൻ ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും ഇങ്ങനെയുള്ള ഓരോ സംഗതികൾ കാട്ടി കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരേണ്ടതില്ല.

ഈ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഏതു തരത്തിലുള്ള ഭീഷണിവന്നാലും പതറില്ല. വിവാദമായ പണമിടപാട് വിഷയത്തിൽ, നിയമാനുസൃതമായി നടത്തിയ ഒരു ബിസിനസിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വഴി പ്രതിഫലം വാങ്ങുകയും അതിന് കൃത്യമായി നികുതിയടയ്ക്കുകയും ചെയ്തിട്ടുള്ളതാണെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. എന്നാൽ പരിശോധനയിൽ ഒന്നുംതന്നെ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.

Pinarayi Vijayan criticises ED raid. ED conducted this raid deliberately; CPM will not be deterred by this, says Pinarayi Vijayan

More Stories from this section

family-dental
witywide