
ജക്കാർത്ത: ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിൽ നിന്ന് വൻതോതിൽ മിസൈൽ നിർമ്മാണ സാമഗ്രികളും ദശലക്ഷക്കണക്കിന് വ്യാജ സിം കാർഡുകളും ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുത്തു. റോക്കറ്റ്, മിസൈൽ ഇന്ധനങ്ങളിൽ ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും, രജിസ്റ്റർ ചെയ്യാത്ത ദശലക്ഷക്കണക്കിന് 4G സിം കാർഡുകളുമാണ് കണ്ടെടുത്തത്. ഏകദേശം 100 മിസൈലുകൾ വരെ നിർമ്മിക്കാൻ ഈ രാസവസ്തു മതിയാകുമെന്ന് ഇന്തോനേഷ്യൻ നാവികസേന വ്യക്തമാക്കി.
ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്ത് നിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോവുകയായിരുന്ന ‘എംവി സ്റ്റാർ ലൈൻസ്’ എന്ന കപ്പലാണ് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം വെച്ച് പിടിയിലായത്. നവംബർ ഏഴിനായിരുന്നു സംഭവം. നവംബർ എട്ടിന് ബംഗ്ലാദേശിൽ എത്തേണ്ടിയിരുന്ന കപ്പൽ ബെലവാൻ തീരത്ത് അപ്രതീക്ഷിതമായി നിർത്തിയിട്ടതും, അസാധാരണമായ നീക്കങ്ങളുമാണ് നാവികസേനയ്ക്ക് സംശയമുണ്ടാക്കിയത്. റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് ‘കെആർഐ സിഗാലു-857’ എന്ന പട്രോളിംഗ് കപ്പൽ ഇതിനെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
കപ്പലിലുണ്ടായിരുന്ന 36 കണ്ടെയ്നറുകളിൽ 15 എണ്ണത്തിലാണ് രാസവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. യാത്രാമധ്യേ കപ്പൽ അതിന്റെ ട്രാക്കിംഗ് സംവിധാനമായ എ.ഐ.എസ് ഓഫാക്കിയിരുന്നതായും സംശയമുണ്ട്. കപ്പലിന്റെ രജിസ്ട്രേഷൻ രേഖകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയതായും, ലൈഫ് റാഫ്റ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചകളുണ്ടെന്നും ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.
റോക്കറ്റ്, മിസൈൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ വസ്തുവാണ് സോഡിയം പെർക്ലോറേറ്റ്. എന്നാൽ ബംഗ്ലാദേശിന് നിലവിൽ ഇത്തരം മിസൈലുകൾ നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിൽ ഇത്രയധികം രാസവസ്തുക്കൾ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയത് എന്തിനാണെന്നും, ഇത് ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചിരുന്നതെന്നും സംബന്ധിച്ച് വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. കപ്പലിലെ ജീവനക്കാരെയും ചരക്കിന്റെ ഉടമസ്ഥരെയും കുറിച്ച് ഇന്തോനേഷ്യൻ നാവികസേന വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് ഏറെ പ്രധാനപ്പെട്ട ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്കാണ് കപ്പൽ പോയിരുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പ്രവേശനമുള്ള ഈ തുറമുഖത്തിന്റെ വികസനത്തിനായി ചൈന അടുത്തിടെ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. മേഖലയിൽ ചൈന സ്വാധീനം ശക്തമാക്കുന്നതിനിടെയാണ് ഇത്തരമൊരു രഹസ്യ ചരക്കുനീക്കം പിടിക്കപ്പെടുന്നത്.
China’s secret arms shipment to Bangladesh? Indonesia intercepts ship carrying 405 tons of missile components















