
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോൺ ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും പ്രതിരോധ, ഊർജ്ജ മേഖലകളിലെ സഹകരണവും യോഗത്തിൽ വിശദമായി വിലയിരുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ആഗോളതലത്തിൽ തുടരുന്ന വിവിധ സംഘർഷങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളുടെയും ചർച്ചയിൽ വിഷയമായി.
ഇന്ത്യ-അമേരിക്ക ആഗോള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വരും ദിവസങ്ങളിലും നിരന്തര സമ്പർക്കത്തിൽ തുടരാൻ ഇരുനേതാക്കളും തീരുമാനിച്ചു. ആഗോള സാമ്പത്തിക, സുരക്ഷാ അന്തരീക്ഷം സങ്കീർണ്ണമായി തുടരുന്നതിനിടയിലാണ് ഉഭയകക്ഷി ബന്ധത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ നിർണായക ഫോൺ സംഭാഷണം നടന്നത്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ അധിക താരിഫ് ഏർപ്പെടുത്താൻ യു.എസ്. ആലോചിക്കുന്നതിനിടയിലാണ് ഈ ചർച്ചയെന്നത് ഏറെ ശ്രദ്ധേയമാണ്. റഷ്യൻ എണ്ണ വാങ്ങലിൽ അധിക താരിഫ് ചുമത്തുന്നതും അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇന്ത്യയുടെ ആശങ്കകൾക്കൊപ്പം നിൽക്കാത്തതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
PM Modi Holds Telephonic Talk with US President Donald Trump Amid Tariff Concerns, Discusses Trade and Defense Ties















