‘അടുത്ത തവണ ബിരിയാണിയും വിളമ്പും’; മോദിക്കൊപ്പം ഒരേ നിരയിൽ പാക് മന്ത്രി, ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സിവിലൈസേഷൻസ് ഡയലോഗ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരേ നിരയിൽ ഇരിക്കുന്ന പാകിസ്താൻ മന്ത്രി മുസാദിക് മാലിക്കിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. നവംബർ 20-ന് ന്യൂഡൽഹിയിലെ പുരാന ഖിലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിയും പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രിയും ഒരേ നിരയിൽ ഇരിക്കുന്ന ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഇന്ത്യയെ രക്തത്തിൽ മുക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിക്കൊപ്പമാണ് പ്രധാനമന്ത്രി ഇരിക്കുന്നതെന്നും, അടുത്ത തവണ അദ്ദേഹത്തിന് ബിരിയാണി വിളമ്പുന്നതിനൊപ്പം താജ്മഹൽ സന്ദർശനവും ഒരുക്കിക്കൊടുക്കുമെന്നും കോൺഗ്രസ് പരിഹസിച്ചു.

ഇന്ത്യയുടെ കൈകൾ വെട്ടിമാറ്റുമെന്നും രക്തം ചിന്തിക്കുമെന്നും മാസങ്ങൾക്കുമുമ്പ് പരസ്യമായി ഭീഷണിപ്പെടുത്തിയ മുസാദിക് മാലിക്കിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം നൽകുകയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് ആരോപിച്ചു. ഇന്ത്യയിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ എന്തിനാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ച അവർ, മാലിക്കിന് ബിരിയാണിയും കബാബും ഖീറും വിളമ്പുമോയെന്നും പരിഹസിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയ്ക്ക് മേൽ ഉപ്പുതേക്കുന്നതിന് തുല്യമാണ് പാക് മന്ത്രിക്ക് നൽകുന്ന സ്വീകരണമെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം പാകിസ്താനുമായി ചർച്ചകൾ പാടില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് സർക്കാർ പിന്തുടരേണ്ടതെന്നും ശ്രിനേറ്റ് ആവശ്യപ്പെട്ടു.

അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. പാകിസ്താന് പ്രത്യേക ക്ഷണമൊന്നും നൽകിയിട്ടില്ലെന്നും എസ്.സി.ഒയിലെ എല്ലാ അംഗരാജ്യങ്ങളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് നളിൻ കോഹ്ലി വ്യക്തമാക്കി. ഭീകരവാദം തുടരുന്നിടത്തോളം പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്നതാണ് മോദി സർക്കാരിന്റെ നിലപാടെന്നും, എന്നാൽ എസ്.സി.ഒ ഒരു ബഹുരാഷ്ട്ര സംഘടനയായതിനാൽ അംഗരാജ്യങ്ങളുടെ പങ്കാളിത്തം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പാകിസ്താൻ നയത്തെക്കുറിച്ച് കോൺഗ്രസിൽനിന്ന് പാഠം പഠിക്കേണ്ടതില്ലെന്നും നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെ വിദേശനയം പരിശോധിക്കണമെന്നും നളിൻ കോഹ്ലി തിരിച്ചടിച്ചു.

പാകിസ്താന് പ്രത്യേക ക്ഷണം നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളും നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്.സി.ഒയിലെ പത്ത് അംഗരാജ്യങ്ങൾക്കും നിരീക്ഷക രാജ്യങ്ങൾക്കും പങ്കാളികൾക്കുമാണ് സമ്മേളനത്തിലേക്ക് ക്ഷണം നൽകിയതെന്നും അദ്ദേഹം അറിയിച്ചു.

‘Will Serve Biryani Next Time’: Congress Slams BJP Over Pak Minister Sitting in Same Row as PM Modi

More Stories from this section

family-dental
witywide