
ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന അപൂർവ സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ പശ്മിന ഷാളുകളും സിൽക്ക് പരവതാനികളും രാജസ്ഥാനിലെ പിച്ചവായ് ചിത്രങ്ങളും ഗുജറാത്തിലെ രോഗൻ കലാസൃഷ്ടികളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത കരകൗശല ഉൽപന്നങ്ങളാണ് സമ്മാനമായി നൽകിയത്.
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന് കശ്മീരിന്റെ പ്രകൃതിഭംഗിയും ചിനാർ ഇലകളും ജ്യാമിതീയ രൂപങ്ങളും ആലേഖനം ചെയ്ത കൈകൊണ്ട് നെയ്ത സിൽക്ക് പരവതാനിയാണ് സമ്മാനിച്ചത്. ഫസ്റ്റ് ലേഡി ലൂയിസ് അരാനെറ്റ-മാർക്കോസിന് ചാങ്താങ്ഗി ആടുകളുടെ രോമത്തിൽ നിർമിച്ച പശ്മിന ഷാളും നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ നിന്നുള്ള പ്രശസ്തമായ ഗോൾഡൻ പിച്ചവായ് ചിത്രവും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന് ജയ്പുർ ബ്ലൂ പോട്ടറി കലാവസ്തുവും സമ്മാനിച്ചു. ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ച്ചിക്ക് സധേലി കരകൗശല പെട്ടിയിൽ വാരണാസി കടൻ സിൽക്ക് ഷാളും ലാവോസ് പ്രധാനമന്ത്രിക്ക് റോസ് മാർബിളിൽ തീർത്ത ആനയുടെ രൂപവുമാണ് നൽകിയത്.
കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റിന് ഡോക്ര കലയിൽ തീർത്ത ബോട്ട് ശിൽപവും ഇന്തൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് ചോള വെങ്കല ശിൽപവും സമ്മാനിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് വെള്ളിപ്പണികളുള്ള പരമ്പരാഗത ഉരുളിയും തായ്‌ലൻഡ് പ്രധാനമന്ത്രിക്ക് ഗുജറാത്തിലെ കച്ചിൽ നിന്നുള്ള അപൂർവ രോഗൻ ആർട്ട് ചിത്രവുമാണ് നൽകിയത്.
ബ്രൂണെ സുൽത്താൻ ഹസ്സനൽ ബോൾകിയയ്ക്കും മ്യാൻമറിനും കർണാടകയിലെ ബീദറിൽ നിന്നുള്ള ജിഐ ടാഗുള്ള ബീദ്രി വെയർ പാത്രങ്ങളും സമ്മാനിച്ചു. തിമോർ-ലെസ്റ്റേ പ്രധാനമന്ത്രി ഷനാന ഗുഷ്മോയ്ക്ക് ഗുജറാത്തിലെ ഖംഭാതിൽ നിർമിച്ച അഗേറ്റ് കല്ലുകൊണ്ടുള്ള പാത്രവും വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹങ്ങിന് പരമ്പരാഗത ഇന്ത്യൻ ലെതർ വാൾ ഹാങ്ങിങ്ങുമാണ് നൽകിയത്. ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യവും കരകൗശല വൈദഗ്ധ്യവും ലോകവേദിയിൽ പരിചയപ്പെടുത്തുന്നതായിരുന്നു മോദിയുടെ സമ്മാനങ്ങൾ.















