
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പുതുതായി പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു.
ബുധനാഴ്ച രാത്രിയോടെ അഞ്ച് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിടിയിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആക്രമണത്തിന് ശേഷം പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലായി നാൽപ്പതോളം കേന്ദ്രങ്ങളിൽ പൊലീസ് ഒരേസമയം പരിശോധന നടത്തി.
അതേസമയം, അക്രമത്തിൽ നേരിട്ട് പങ്കുള്ള തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർമാരായ ഐ.പി. ബിനു, ആറ്റുകാൽ ഉണ്ണി എന്നിവരുൾപ്പെടെയുള്ള പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി വീടുകളിലും ബന്ധുക്കളുടെ വസതികളിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ചതിന് പുറമെ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി പൊലീസ് ഉടൻ രജിസ്റ്റർ ചെയ്യും. ഒളിവിലുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയാണ്.
Police have arrested two more people in connection with the attack on Enforcement Directorate (ED) officials in the capital.















