
ദോഹ/ദുബായ്: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. മേഖലയിൽ യുദ്ധാന്തരീക്ഷം ശക്തമാകുന്നതിനിടെ, വിവിധ ഗൾഫ് രാജ്യങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇവയെ പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പല രാജ്യങ്ങളിലും അടിയന്തര സൈറണുകൾ മുഴങ്ങി.
ഖത്തറിൽ കഴിഞ്ഞ മണിക്കൂറുകളിൽ വീണ്ടും അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും ജനലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തറിൻ്റെ ആകാശത്ത് പുകച്ചുരുളുകൾ ഉയർന്നതായും ഇൻ്റർസെപ്റ്റർ മിസൈലുകൾ പായുന്നതിനൊപ്പം ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിൽ ലക്ഷ്യമിട്ടത് എന്താണെന്നതിനെക്കുറിച്ചോ, എത്തിയത് ക്രൂസ്-ബാലിസ്റ്റിക് മിസൈലുകളാണോ അതോ ഡ്രോണുകളാണോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
തങ്ങളുടെ വ്യോമാതിർത്തിക്ക് നേരെ വന്ന നിരവധി ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അറിയിച്ചു. ബഹ്‌റൈനിലും സമാനമായ രീതിയിൽ മിസൈൽ വിരുദ്ധ പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണ്. പ്രതിരോധ നടപടികൾ തുടരുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കാൻ ബഹ്‌റൈൻ ഭരണകൂടവും ആവശ്യപ്പെട്ടു.
തങ്ങളുടെ മണ്ണിലെ യുഎസ് സൈനിക താവളങ്ങൾ വഴിയും വ്യോമാതിർത്തി തുറന്നുനൽകിയും ഗൾഫ് രാജ്യങ്ങൾ (ജിസിസി) അമേരിക്കൻ സൈനിക നീക്കങ്ങളെ സഹായിക്കുന്നുവെന്നാണ് ഇറാൻ്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഗൾഫ് രാഷ്ട്രങ്ങൾ ശക്തമായി നിഷേധിച്ചു. തങ്ങൾ ഈ യുദ്ധത്തിൻ്റെയോ സംഘർഷങ്ങളുടെയോ ഭാഗമല്ലെന്ന് വ്യക്തമാക്കിയ അവർ, സ്വന്തം രാജ്യത്തിൻ്റെ പ്രതിരോധ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഉഭയകക്ഷി കരാറുകളുടെ ഭാഗമായാണ് യുഎസ് സൈനിക താവളങ്ങൾ അവിടെ പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
‘Not involved in US war’; Qatar and UAE reject Iran’s accusations; Missile emergency in airspace















