യുഎസ് ബോംബാക്രമണത്തിന് മറുപടി: ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, തങ്ങളുടെ തീരദേശ താവളങ്ങളിൽ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണത്തിന് പ്രത്യാക്രമണവുമായി ഇറാൻ. അയൽരാജ്യങ്ങളായ ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വൻതോതിൽ മിസൈലുകളും ഡ്രോണുകളും വർഷിച്ചത്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് ഇറാന് നേരെ 170-ലധികം വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖല വീണ്ടും യുദ്ധക്കളമായത്. ഇന്നുൾപ്പെടെ ഈ ആഴ്ചയിലെ മൂന്നാമത്തെ യുഎസ് ആക്രമണമാണ് ഇന്നുണ്ടായത്.

അമേരിക്കൻ ആക്രമണത്തിന് മറുപടിയായി കിഴക്കൻ ജോർദാനിലെ അസ്രഖ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇതിൽ എട്ടെണ്ണം ജോർദാൻ വ്യോമപ്രതിരോധ സംവിധാനം തകർത്തു. യുഎസ് സൈന്യത്തിൻ്റെ പ്രധാന താവളങ്ങളായ അലി അൽ സലേം, ആരിഫ്ജാൻ എന്നിവയ്ക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും അയച്ചു. ആക്രമണത്തെത്തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു.

യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനമായ ബഹ്റൈനിലെ ജുഫൈർ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്ന് രാജ്യത്ത് ഉടനീളം അപായ സൈറണുകൾ മുഴങ്ങി. അമേരിക്ക ഇനിയും പ്രകോപനം തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ മേഖല പൂർണ്ണമായ ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Response to US bombing: Iran launches missile-drone attacks on US bases in Jordan, Kuwait, Bahrain

More Stories from this section

family-dental
witywide