
വാഷിംഗ്ടൺ: അമേരിക്കൻ വിദേശനയത്തെ വിമർശിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ മാർപ്പാപ്പ കൂടുതൽ “ജാഗ്രത” പാലിക്കണമെന്ന് വാൻസ് ആവശ്യപ്പെട്ടു. ജോർജിയയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് വാൻസ് പള്ളിയും ഭരണകൂടവും തമ്മിലുള്ള തർക്കം പരസ്യമാക്കിയത്.
“യേശുക്രിസ്തു ഒരിക്കലും ബോംബുകൾ വർഷിക്കുന്നവരുടെ പക്ഷത്തല്ല” എന്ന മാർപ്പാപ്പയുടെ സമീപകാല പ്രസ്താവനയാണ് വാൻസിനെ ചൊടിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണത്തിൽ നിന്ന് ഫ്രാൻസിനെ മോചിപ്പിക്കുകയും ഹോളോകോസ്റ്റ് തടവുകാരെ രക്ഷിക്കുകയും ചെയ്ത അമേരിക്കൻ സൈനികരുടെ കൂടെയായിരുന്നോ ദൈവം എന്ന് വാൻസ് ചോദിച്ചു. അത്തരം സന്ദർഭങ്ങളിൽ ദൈവം അമേരിക്കയുടെ പക്ഷത്തായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഫ്രാൻസിനെ നാസികളിൽ നിന്ന് മോചിപ്പിച്ച അമേരിക്കക്കാരുടെ പക്ഷത്തായിരുന്നോ ദൈവം? ഹോളോകോസ്റ്റ് ക്യാമ്പുകളിൽ നിന്ന് നിഷ്കളങ്കരായ മനുഷ്യരെ രക്ഷിച്ചവരുടെ കൂടെയായിരുന്നോ ദൈവം? തീർച്ചയായും അതെ എന്നാണ് എൻ്റെ മറുപടി.”- വാൻസ് പറഞ്ഞു.
കത്തോലിക്കാ വിശ്വാസിയായ വാൻസ്, ഗർഭച്ഛിദ്രം, കുടിയേറ്റം , “യുദ്ധവും സമാധാനവും” തുടങ്ങിയ വിഷയങ്ങളിൽ മാർപ്പാപ്പ അഭിപ്രായം പറയുന്നത് തനിക്ക് ഇഷ്ടമാണെങ്കിലും ചിലപ്പോൾ വിയോജിപ്പുകൾ ഉണ്ടാകാറുണ്ടെന്ന് വ്യക്തമാക്കി. “പൊതുനയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അമേരിക്കൻ വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ഞാൻ എത്രത്തോളം ജാഗ്രത പാലിക്കണമോ, അതുപോലെ ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ മാർപ്പാപ്പയും വലിയ ജാഗ്രത പാലിക്കണം,” വാൻസ് പറഞ്ഞു.
ദൈവശാസ്ത്ര വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ അത് സത്യത്തിൽ അധിഷ്ഠിതമായിരിക്കണമെന്നും വൈദികരിൽ നിന്നും മാർപ്പാപ്പയിൽ നിന്നും താൻ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തെ മാർപ്പാപ്പ അപലപിച്ചതിനെത്തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും മാർപ്പാപ്പയും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഗ്വാദങ്ങൾ നടക്കുന്നുണ്ട്. മാർപ്പാപ്പ “കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലനാണെന്നും” “വിദേശനയത്തിൽ മോശമാണെന്നും” ട്രംപ് പരിഹസിച്ചിരുന്നു. ട്രംപിൻ്റെ ഈ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ട്രംപ് ഭരണകൂടത്തെ “ഭയമില്ല” എന്ന് ലിയോ മാർപ്പാപ്പ മറുപടി നൽകി. സമാധാനത്തിനായുള്ള തൻ്റെ ആഹ്വാനങ്ങൾ സുവിശേഷത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാർപ്പാപ്പയ്‌ക്കെതിരായ ട്രംപിന്റെ കടന്നാക്രമണങ്ങൾ അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ദൈവശാസ്ത്ര കാര്യങ്ങളിൽ മാർപ്പാപ്പ ശ്രദ്ധിക്കണം എന്ന വാൻസിൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെ സെനറ്റ് മെജോറിറ്റി ലീഡർ ജോൺ ചോദിച്ചത്, “ദൈവശാസ്ത്രം സംസാരിക്കുക എന്നത് അദ്ദേഹത്തിൻ്റെ ജോലിയല്ലേ?” എന്നാണ്. സഭയെ അതിൻ്റെ വഴിക്ക് വിടണമെന്നും ഭരണകൂടം സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇതിനിടയിൽ, ട്രംപ് തന്നെ ഒരു ക്രിസ്തുരൂപമായി ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. അനുയായികളിൽ നിന്ന് പോലും പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് അദ്ദേഹം അത് പിൻവലിച്ചു. പിന്നീട്, അത് തന്നെ ഒരു ഡോക്ടറായി ചിത്രീകരിച്ചതാണെന്നും റെഡ് ക്രോസിനെ സൂചിപ്പിക്കുന്നതാണെന്നുമാണ് താൻ കരുതിയതെന്നും പറഞ്ഞ് ട്രംപ് തടിതപ്പാൻ ശ്രമിച്ചിരുന്നു. കത്തോലിക്കാ സഭയ്ക്കുള്ളിൽ ട്രംപിൻ്റെയും വാൻസിൻ്റെയും നിലപാടുകൾക്കെതിരെ വലിയ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ടുകൾ.
Pope must be careful when speaking of theology; J.D. Vance















