
ഷോളി കുമ്പിളുവേലി
ഷിക്കാഗോ : ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ പ്രവാസി സിറോമലബാര്‍ രൂപതയായ – “സിറോ മലബാര്‍ സെൻ്റ് തോമസ് കാത്തലിക് എപ്പാര്‍ക്കി- ഷിക്കാഗോയുടെ ” സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു ജൂലൈ9 മുതല്‍ 12 വരെ ഷിക്കാഗോയില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷൻ്റെ രജിസ്ട്രേഷന്‍ മെയ് 31നു അവസാനിക്കും. മഹത്തായ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ മെയ് 31നു മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. സ്വര്‍ഗീയനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, 2001 മാര്‍ച്ച് 13നാണ്ഷിക്കാഗോ രൂപത സ്ഥാപിക്കുന്നതും, പ്രഥമ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്തിനെ നിയോഗിക്കുന്നതും. സീറോ മലബാര്‍ സഭയുടെ ദൗത്യം ഇന്ത്യയ്ക്കു വെളിയിലേക്കു ചുവടുവച്ചിട്ടു കാല്‍ നൂറ്റാണ്ടു പിന്നിട്ട്, കര്‍മ്മപാതയില്‍ തിളക്കത്തോടെ മുന്നേറുന്നതിൻ്റെ ഭാഗമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ (McCormick Place) ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി,ശനി, ഞായര്‍) തീയതികളിലാണ് സിറോ മലബാര്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ബ്ലേസ് കുപിച്, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ്, റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, റവ. ഡോ.ജോസഫ് തടത്തില്‍, റവ. ഫാ. ജോസഫ് പുത്തന്‍പുരയില്‍, ഫാ. ടിം അനസ്റ്റോസ്, റവ. ഫാ. ജോണ്‍ കര്ടജേ, ഡോ. എഡ്വേഡ് , സി. ജോസ്ലിന്‍ ഇടത്തില്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.
കണ്‍വന്‍ഷൻ്റെ സായാഹ്നങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിരവധികലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇതില്‍, കണ്‍വന്‍ഷന്‍ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരംപദ്മശ്രീ ജയറാമും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും സീറോമലബാര്‍കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന “താള വിസ്മയം” എടുത്തുപറയേണ്ടതാണ്.
കൂടാതെ വിവിധ ദിവസങ്ങളില്‍ അരങ്ങേറുന്ന മെഗാ മാര്‍ഗ്ഗംകളി, ഡാന്‍സ് മത്സരം, എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ട്. വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ് പരിപാടിയില്‍ ഇടവക തലത്തിലുള്ള പരിപാടികള്‍ ഒരുങ്ങുന്നു. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കും വിവിധങ്ങളായ സ്‌പോര്‍ട്‌സ് , ഡാന്‍സ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും യുവജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂബിലി കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, ചെയര്‍മാന്‍ ജോസഫ് ചാമക്കാല, കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ റവ. ഫാ. തോമസ് കടുകപ്പിള്ളില്‍, ചെയര്‍മാന്‍ ബിജി സി. മാണി, ജോയിൻ്റ് കണ്‍വീനര്‍ റവ. ഫാ. ജോയല്‍ പയസ്, കണ്‍വന്‍ഷന്‍ യൂത്ത് കണ്‍വീനര്‍ റവ. ഫാ. മെല്‍വിന്‍ പോള്‍, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ തോമസ്, ഫസിലിറ്റി ചെയര്‍മാന്‍ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയര്‍മാന്‍ ജോഷി കുഞ്ചെറിയ, മാര്‍ക്കറ്റിങ് ചെയര്‍മാന്‍ സജി വര്‍ഗീസ് , ജോയിൻ്റ് സെക്രട്ടറി ആനി മാനാട്ട്, എന്നിവരോടൊപ്പം ഫോക്കസ് ട്രാക്ക് (യൂത്ത്) ലീഡ്‌സ് മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി, ജോര്‍ജ് നെല്ലിക്കുന്നേല്‍, മെലിസ പുത്തന്‍പുര, ലിയ ജോസഫ് തുടങ്ങി നിരവധിപ്പേര്‍ അടങ്ങിയ വിപുലമായ കമ്മിറ്റികള്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷൻ്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചുവരുന്നു.
പരസ്പരം പരിചയപ്പെടുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനും, സുഹൃത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാര്‍ വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും ഭാഗമായി നിലനിര്‍ത്തുന്നതിനും ഷിക്കാഗോ കണ്‍വന്‍ഷന്‍ സഹായകരമാകും.
കൂടാതെ, അനന്തമായ ദൈവ പരിപാനയില്‍, വിശ്വാസവളര്‍ച്ചയുടെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, സിറോമലബാര്‍ സഭാ തലവന്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനോടും, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ പിതാവിനോടും, രൂപത അദ്ധ്യക്ഷന്‍മാര്‍ ജോയ് ആലപ്പാട്ട് പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, കൂടാതെ നിരവധി പിതാക്കമാരോടും, സഭയിലെ വിവിധ വൈദികരോടും സന്യസ്തരോടും, അല്‍മായരോടൊപ്പവും ഒരേകൂടാരത്തില്‍ കീഴില്‍ ഒരുമിച്ചിരുന്നു ദൈവത്തിനു നന്ദി പറയുന്നതിനും,പ്രാര്‍ഥിക്കുന്നതിനും, വചനം ശ്രവിക്കുന്നതിനും , അപ്പം മുറിക്കുന്നതിനും, ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങള്‍, അതെത്ര സന്തോഷപ്രദമായിരിക്കും! സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെഭാഗമായി നടത്തുന്ന കണ്‍വൻഷനിലും, അതോടൊപ്പമുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാന്‍ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു. കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക :
www.syroconvention.org .
Preparations for the Syro-Malabar Diocese of Chicago Silver Jubilee Convention in final stages: Registration ends on May 31st















