
വാഷിംഗ്ടൺ: അമേരിക്കയിലും യൂറോപ്പിലും ഭീകരാക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇറാൻ പിന്തുണയുള്ള മൂന്ന് പേർക്കെതിരെ യു.എസ്. നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. അമേരിക്കൻ സൈന്യത്തെ വിന്യസിച്ചിട്ടുള്ള യുകെയിലെ ആർ.എ.എഫ്. ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സെപ്റ്റംബറിലുണ്ടായ സുരക്ഷാ ഭീഷണിക്ക് പിന്നിലും ഇതേ സംഘമാണെന്ന് യു.എസ്. വ്യക്തമാക്കി.
ഇറാൻ പൗരനായ മൊഹ്സെൻ മൊഹാജേരി, ഇറാഖ് പൗരനായ മുഹമ്മദ് അലി അൽ-ഹസ്സാനി, ഇറാൻ-ഇറാഖ് ഇരട്ട പൗരത്വമുള്ള മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി എന്നിവർക്കെതിരെയാണ് ചൊവ്വാഴ്ച പുറത്തുവിട്ട കുറ്റപത്രത്തിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ ഒരാൾ മുൻപത്തെ കേസുകളിൽ വിചാരണ കാത്ത് ന്യൂയോർക്കിലെ ജയിലിൽ കഴിയുന്നതിനിടെയാണ് യുകെയിലെ കൂട്ടാളികൾക്ക് രഹസ്യ സന്ദേശങ്ങൾ അയച്ചത്. മറ്റ് രണ്ട് പേർ ഇറാനിലിരുന്നാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്ന് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് ഗ്ലൗസെസ്റ്റർഷെയറിലെ ആർ.എ.എഫ്. ഫെയർഫോർഡ് താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് വാനുകൾ കണ്ടെത്തിയത്. ഇന്ധന വിതരണ വാഹനങ്ങളെന്ന വ്യാജേന എത്തിച്ച ഈ വാനുകളിൽ നിന്ന് വലിയ അളവിൽ പെട്രോൾ പിടിച്ചെടുത്തിരുന്നു. വ്യോമതാവളം നിരീക്ഷിക്കാനും, വാനുകളും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള രാസവസ്തുക്കളും സംഘടിപ്പിക്കാനും അൽ-ഹസ്സാനി യുകെയിലുള്ളവർക്ക് പണം നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു.
സെപ്റ്റംബർ 26-ന് ഇന്ധന ബാരലുകൾ നിറച്ച വാനുകൾ താവളത്തിലേക്ക് ഓടിച്ചുപോകാൻ ഇയാൾ നിർദ്ദേശം നൽകി. എന്നാൽ വഴിമധ്യേ സുരക്ഷാ പരിശോധനയിൽ കുടുങ്ങിയതിനാൽ വാനുകൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. പുലർച്ചെ ഇതുവഴി വന്ന പ്രാദേശിക കർഷകൻ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുകെയിൽ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും, കത്തായിബ് ഹിസ്ബുള്ളയ്ക്കും വേണ്ടി ഏകദേശം 20 ഓളം ആക്രമണ ശ്രമങ്ങളിൽ പ്രതികൾ പങ്കാളികളായിട്ടുണ്ട്. ‘ഹറകത്ത് അസ്ഹാബ് അൽ-യാമിൻ അൽ-ഇസ്ലാമിയ’ എന്ന വ്യാജ സംഘടനയുടെ പേരിലായിരുന്നു പ്രവർത്തനം. 2026 വസന്തകാലത്ത് യൂറോപ്പിൽ നടന്ന 18 ആക്രമണങ്ങളുടെയും, ഏപ്രിലിൽ വടക്കൻ ലണ്ടനിൽ രണ്ട് ജൂതന്മാർക്ക് കുത്തേറ്റ സംഭവത്തിന്റെയും പിന്നിൽ ഇതേ സംഘമാണെന്ന് യു.എസ്. ആരോപിക്കുന്നു.
അതേസമയം, സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്ന് ലണ്ടനിലെ ഇറാൻ എംബസി പ്രതികരിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് ആർ.എ.എഫ്. ഫെയർഫോർഡിൽ നിന്ന് തങ്ങളുടെ എല്ലാ ബോംബർ വിമാനങ്ങളും അമേരിക്ക പിൻവലിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന ഏതൊരു താവളവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ജൂലൈയിൽ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
U.S. charges three individuals over a plot by Iranian agents to attack an airbase in the UK.















