
ന്യൂയോർക്ക്: ചൈനീസ് ഭരണത്തിനെതിരെ പ്രതിഷേധിച്ചു ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ (യുഎൻ) ആസ്ഥാനത്തിന് മുന്നിൽ ടിബറ്റൻ സ്വദേശി സ്വയം തീക്കൊളുത്തി മരിച്ചു. കഴിഞ്ഞ 20 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ലോബ്ഗ റാങ്‌സെൻ എന്നയാളാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ മൻഹാട്ടനിലെ ഈസ്റ്റ് 43-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. പരമ്പരാഗത സന്യാസി വസ്ത്രം ധരിച്ചെത്തിയ റാങ്‌സെൻ, നടപ്പാതയിൽ ടിബറ്റൻ പതാക സ്ഥാപിച്ച ശേഷമാണ് സ്വയം തീക്കൊളുത്തിയത്. തിരക്കേറിയ റോഡരികിൽ തീ പടർന്നുപിടിച്ച് ഒരു മിനിറ്റിനുള്ളിൽ ഇയാൾ നിലംപതിച്ചു.
സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സെക്കൻഡുകൾക്കകം തീയണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടൻ തന്നെ ബെല്ലെവ്യൂ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
“ചൈന ടിബറ്റിൽ നിന്ന് പുറത്തുപോവുക” എന്ന മുദ്രാവാക്യമടങ്ങിയ ലഘുലേഖകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ടിബറ്റൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ലഘുലേഖകളാണിതെന്ന് പൊലീസ് അറിയിച്ചു.
ടിബറ്റിലെ ചൈനീസ് ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി 2009 മുതൽ ഇതുവരെ 150-ലധികം തിബറ്റുകാർ സ്വയം തീക്കൊളുത്തിയിട്ടുണ്ടെന്നാണ് ‘ഫ്രീ തിബറ്റ്’ എന്ന സംഘടന വ്യക്തമാക്കുന്നത്. തിബറ്റിൻ്റെ സ്വയംഭരണാവകാശം, ആത്മീയ നേതാവായ ദലൈലാമയുടെ തിരിച്ചുവരവ്, പഞ്ചൻ ലാമയുടെ മോചനം എന്നിവയ്ക്കായി ഈ സംഘടന ദീർഘകാലമായി വാദിച്ചുവരികയാണ്.
Protest in New York for Tibetan liberation; Young man commits suicide in front of the United Nations















