
സംസ്ഥാനത്ത് ഓണം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 35 വേദികളിലായി 340 ഓളം കലാപരിപാടികളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഓണം ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 24-ന് വൈകിട്ട് 6.30-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള ട്രെഡ് ഫയർ ഈ മാസം 21-ന് മന്ത്രി മുരളീധരന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇത്തവണ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘ഹരിത ഓണം’ ആയിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ഓപ്പറേഷൻ തൂഫാൻ സ്ക്വാഡും ഓണാഘോഷങ്ങളുടെ ഭാഗമായി മേൽനോട്ടം വഹിക്കും. ഫെസ്റ്റിവൽ ഓഫീസിൽ വെച്ച് ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
ഓഗസ്റ്റ് 30-ന് വർണാഭമായ ഘോഷയാത്രയോടെയായിരിക്കും ഓണം ടൂറിസം വാരാഘോഷത്തിന് സമാപനമാകുക. സമാപന ദിനത്തിലെ ചടങ്ങിൽ ഉപരാഷ്ട്രപതി വിശിഷ്ട അഥിതിയായി പങ്കെടുക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. 35 വേദികളിലായി നടക്കുന്ന വിപുലമായ ആഘോഷപരിപാടികൾക്കാണ് തിരുവനന്തപുരം വേദിയാകുന്നത്.
Onam Celebrations in State from August 24 to 30; Vice President to Attend Closing Ceremony












