ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും പുകഴ്ത്തിയ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പരിഹാസ മറുപടിയുമായി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പവൻ ഖേരയാണ് സാമൂഹികമാധ്യമമായ എക്സിലൂടെ പ്രതികരണവുമായെത്തിയത്. ഗ്യാനേഷ് കുമാർ ഗുപ്തയെ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നും ഇവിഎമ്മുകൾ ലഭ്യമായ അടുത്ത വിമാനത്തിൽ അയച്ചുതരാമെന്നുമായിരുന്നു പവൻ ഖേരയുടെ പരിഹാസം.
സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു രീതിയേയും ഗ്യാനേഷ് കുമാറിനെയും പ്രശംസിച്ചത്. കർശനമായ പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ എത്രയുംവേഗം പാസ്സാക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലായിരുന്നു ഇത്. സാധുവായ ഒരു ഫോട്ടോ ഐഡി പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നത് എന്ന് ഗ്യാനേഷ് കുമാർ ചോദിച്ച കാര്യവും ട്രംപ് തന്റെ കുറിപ്പിൽ പരാമർശിച്ചിരുന്നു.
ഇന്ത്യയിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 64.6 കോടിയോളം വോട്ടർമാർ പങ്കെടുത്തെന്നും അതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗ്ഗം വോട്ട് ചെയ്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എല്ലാവർക്കും കൃത്യമായ ഫോട്ടോ ഐഡി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ ട്രംപ്, ഇതേ മാതൃകയിൽ അമേരിക്കയിലും നിയമം വേഗത്തിൽ നടപ്പാക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രശംസയെ പരിഹസിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
Congress Mocks Trump Over Praise for India’s Election System and CEC Gyanesh Kumar












