‘മോദി കർഷകരെ മറക്കുന്നു’; ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപകമായി കർഷക പ്രതിഷേധം

ന്യൂഡൽഹി: നിർദിഷ്ട ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. അമേരിക്കയിൽ നിന്നുള്ള വിലകുറഞ്ഞ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തുന്നതോടെ ആഭ്യന്തര കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകരുടെ ആശങ്ക.

ഗുജറാത്തിലെ സബർകാന്തയിൽ ഓൾ ഇന്ത്യ കിസാൻ സഭ ജില്ലാ കോ-ഓർഡിനേറ്റർ ദിനേഷ്‌ഭായ് പർമറിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ രണ്ട് മാസത്തിലേറെയായി പ്രതിഷേധത്തിലാണ്. ഇതിനെക്കുറിച്ച് നിശ്ശബ്ദരായിരിക്കാൻ കഴിയില്ല. ഇന്ത്യയെ ഇത്തരത്തിൽ ട്രംപിന് മുന്നിൽ വിൽക്കാൻ പാടില്ലെന്ന് പർമർ പറഞ്ഞു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ കുറച്ചാൽ വൻ സബ്‌സിഡി ലഭിക്കുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുമായി ഇന്ത്യൻ കർഷകർക്ക് മത്സരിക്കേണ്ടിവരുമെന്നാണ് കർഷക സംഘടനകളുടെ മുന്നറിയിപ്പ്.

ഇതിന്റെ പ്രത്യാഘാതം കർഷകരിൽ മാത്രം ഒതുങ്ങില്ലെന്നും കാർഷിക തൊഴിലാളികൾ, വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവരെയും ബാധിക്കുമെന്നും സംഘടനകൾ പറയുന്നു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കൂടുതലായി എത്തിയാൽ ആഭ്യന്തര വിളകളുടെ വില ഇടിയുകയും ഗ്രാമീണ വരുമാനം കുറയുകയും ചെയ്യുമെന്നാണ് ആശങ്ക.

അദാനി പദ്ധതിക്കെതിരെയും കർഷക പ്രതിഷേധം

ഗുജറാത്തിലെ മോർബിയിൽ കൃഷിഭൂമിയിലൂടെ ഉയർന്ന വോൾട്ടേജ് വൈദ്യുതി പ്രസരണ ലൈനുകളും തൂണുകളും സ്ഥാപിക്കുന്നതിനെതിരെയും കർഷകർ സമരത്തിലാണ്.

അദാനി എനർജി സൊല്യൂഷൻസിന്റെ പ്രത്യേക ആവശ്യത്തിനായി രൂപീകരിച്ച ഹാൽവാദ് ട്രാൻസ്മിഷൻ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. കച്ചിലെ ഖാവ്ഡ പുനരുപയോഗ ഊർജ പാർക്കിൽനിന്ന് മോർബിയിലെ ഹാൽവാദിലേക്ക് 246 കിലോമീറ്റർ ദൂരത്തിൽ 756 കെവി പ്രസരണ ലൈൻ സ്ഥാപിക്കുകയാണ് ലക്ഷ്യം.

വൈദ്യുതി തൂണുകൾ സ്ഥാപിക്കുന്നതിലൂടെ കൃഷിഭൂമി നഷ്ടപ്പെടുന്നതിനൊപ്പം ഭൂമിയുടെ മൂല്യവും കുറയുമെന്ന് കർഷകർ പറയുന്നു. നഷ്ടപരിഹാരം വിപണി മൂല്യം അടിസ്ഥാനമാക്കി മുൻകൂറായി നൽകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും കർഷകർ ഇതിലും തൃപ്തരല്ല.

മോദിജി കർഷകർക്കും അവകാശങ്ങളുണ്ടെന്ന കാര്യം മറക്കുകയാണ്. അദാനിയുടെ കമ്പനിക്കായി സ്ഥാപിക്കുന്ന തൂണുകൾ ഭൂമി ഉപയോഗശൂന്യമാക്കും. പ്രസരണ ലൈനുകൾ ഭൂമിയുടെ വിലയും കുറയ്ക്കും. ഇതോടൊപ്പം എഫ്‌ടിഎയും നമ്മുടെ വിപണികളെ ബാധിക്കാൻ പോകുകയാണ്. കർഷകരെന്ന നിലയിൽ ഞങ്ങൾ ഇരട്ട നഷ്ടമാണ് നേരിടുന്നതെന്നും പർമർ പറഞ്ഞു.

അദാനിക്ക് റെഡ് കാർപ്പറ്റ്, കർഷകന് ബാരിക്കേഡ്

കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പോരാടേണ്ടിവരുന്ന സാഹചര്യമാണെന്ന് കോൺഗ്രസ് വക്താവ് സരൾ പട്ടേൽ ആരോപിച്ചു. കർഷകർ, വിദ്യാർഥികൾ, തൊഴിലാളികൾ, സാധാരണക്കാർ എന്നിവർ സർക്കാരിനെക്കൊണ്ട് തങ്ങളുടെ പ്രശ്നങ്ങൾ കേൾപ്പിക്കാൻ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും വർഷങ്ങളോളം നീളുന്ന പോരാട്ടങ്ങളും നടത്തണം. എന്നാൽ ശക്തരായ വ്യവസായികൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും പട്ടേൽ പറഞ്ഞു.

ഇതാണ് മോദി മാതൃകയിലുള്ള വികസനം. ശക്തരായവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും സാധാരണക്കാരനെ സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ വിടുകയും ചെയ്യുന്നു. അദാനിക്ക് റെഡ് കാർപ്പറ്റ്; കർഷകന് ബാരിക്കേഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലേക്കുള്ള കർഷക മാർച്ച് തടഞ്ഞു

ജൂലൈ 21ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചു. ദേശ് ബചാവോ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പഞ്ചാബ്–ഹരിയാന അതിർത്തിയിൽ ഹരിയാന പൊലീസ് ശക്തമായ ബാരിക്കേഡുകൾ സ്ഥാപിച്ച് നിരവധി കർഷക സംഘങ്ങളെ ഡൽഹിയിലേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞു.ഇന്ത്യയും അമേരിക്കയും ഇതുവരെ വ്യാപാര കരാറിൽ ഒപ്പുവച്ചിട്ടില്ല. എന്നാൽ ചർച്ചകളുടെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറാകുമോയെന്നാണ് കർഷക സംഘടനകളുടെ ആശങ്ക.

അതേസമയം, കൃഷി ഇന്ത്യയുടെ പ്രധാന ‘റെഡ് ലൈൻ’ ആണെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഒപ്പുവയ്ക്കില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം

കഴിഞ്ഞ രണ്ട് മാസമായി വിളവില, സംഭരണം, എംഎസ്‌പി, ഭൂവിനിയോഗം, വ്യാപാര കരാറുകൾ, വള ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ പ്രതിഷേധിച്ചു.

മധ്യപ്രദേശിൽ ജൂലൈ അവസാനം ഏകദേശം 2,000 കർഷകർ ഭോപ്പാലിലേക്ക് മാർച്ച് നടത്തി. തങ്ങളുടെ മൂങ്ങ് വിളയ്ക്ക് മിനിമം സപ്പോർട്ട് പ്രൈസ് (MSP) ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. വളക്ഷാമവും സംഭരണത്തിലെ കാലതാമസവും അവർ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ നാസിക്കിൽ ആയിരക്കണക്കിന് കർഷകർ മുംബൈ–ആഗ്ര ഹൈവേ ഉപരോധിച്ചു. ന്യായമായ വിള സംഭരണവില, കുറഞ്ഞ വിലയ്ക്ക് വിള വിൽക്കേണ്ടിവന്നതിന്റെ നഷ്ടപരിഹാരം, കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് എന്നിവയായിരുന്നു ആവശ്യങ്ങൾ. ഉത്തർപ്രദേശിലെ മീററ്റിലും വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ പ്രതിഷേധിച്ചു. തമിഴ്നാട്ടിൽ കർണാടകയിൽനിന്ന് ജലസേചനത്തിനായി നദീജലം ഉടൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ടും കർഷകർ സമരം നടത്തി.

സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സർക്കാരിന്റെ കാർഷിക, സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ‘റെയിൽ റോക്കോ’, ‘രസ്താ റോക്കോ’, ‘ജയിൽ ഭരോ’ തുടങ്ങിയ സമരപരിപാടികളും നടന്നു.

‘കർഷകരുടെ താൽപര്യം സംരക്ഷിക്കും’: മോദി

ജൂലൈയിൽ എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര കരാറുകൾ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് എംപിമാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു സ്വതന്ത്ര വ്യാപാര കരാറിനും (FTA) അനുമതി നൽകില്ലെന്നും കർഷകരുടെ ക്ഷേമമാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്നും മോദി വ്യക്തമാക്കിയിരുന്നു.

എന്നാൽ രാജ്യവ്യാപക പ്രതിഷേധങ്ങൾ കർഷക വരുമാനം, എംഎസ്‌പി, വിള സംഭരണം, ഭൂമിയുടെ അവകാശം, വ്യാപാര ഉദാരവൽക്കരണം, അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ ആശങ്കകൾ തുടരുന്നതായി വ്യക്തമാക്കുന്നു. വ്യാപാര കരാർ, വൈദ്യുതി പ്രസരണ ലൈനുകൾ, നഷ്ടപരിഹാരം എന്നിവ വ്യത്യസ്ത വിഷയങ്ങളായി തോന്നാമെങ്കിലും ഇവയെല്ലാം ഒടുവിൽ ഒരേ ചോദ്യത്തിലേക്കാണ് എത്തുന്നതെന്ന് കർഷക സംഘടനകൾ പറയുന്നു.

വലിയ സാമ്പത്തിക, അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വന്തം ഭൂമിയെയും ഉപജീവനത്തെയും സംബന്ധിച്ച തീരുമാനങ്ങളിൽ കർഷകർക്ക് എത്രമാത്രം അഭിപ്രായം പറയാൻ കഴിയും?തങ്ങളുടെ വരുമാനത്തെയും ഭൂമിയെയും ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സർക്കാർ തങ്ങളുടെ അഭിപ്രായം കേൾക്കണമെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരുടെ പ്രധാന ആവശ്യം.

‘Modi Forgets Farmers’: Across India, Farmer Groups Rally Against the India-US Trade Deal

More Stories from this section

family-dental
witywide