വാടകക്കൊലയാളികളെന്ന് കരുതി പണം നൽകിയത് എഫ്.ബി.ഐക്ക്; ട്രംപ് വധഗൂഢാലോചനക്കേസിൽ പാക് പൗരന് 27.5 വർഷം തടവ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരടക്കമുള്ള ഉന്നത നേതാക്കളെ വധിക്കാൻ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരന് 27.5 വർഷം ഫെഡറൽ തടവ് ശിക്ഷ. ആസിഫ് മർച്ചന്റ് എന്നയാൾക്കാണ് ബ്രൂക്ക്ലിൻ ഫെഡറൽ കോടതി ജഡ്ജി എറിക് ആർ. കോമിറ്റി ശിക്ഷ വിധിച്ചത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) നിർദ്ദേശപ്രകാരം വാടകക്കൊലയ്ക്ക് പദ്ധതിയിട്ടതിനും ഭീകരപ്രവർത്തനത്തിന് ശ്രമിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അമേരിക്കൻ പ്രസിഡന്റിനെയോ ഉന്നത ഉദ്യോഗസ്ഥരെയോ ലക്ഷ്യമിട്ടുള്ള കൊലപാതകത്തേക്കാൾ ഗൗരവമേറിയ മറ്റൊരു കുറ്റകൃത്യമില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി കോമിറ്റി പറഞ്ഞു. ലോകത്ത് ഭീകരവാദത്തെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ഇറാന്റെ ഇടപെടൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, മനുഷ്യരെ അവർ ചെയ്ത ഏറ്റവും വലിയ തെറ്റുകളുടെ പേരിൽ മാത്രം വിലയിരുത്തരുതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അതോടൊപ്പം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചുമില്ല.

ട്രംപ്, ബൈഡൻ എന്നിവർക്ക് പുറമെ മുൻ യു.എൻ. അംബാസഡർ നിക്കി ഹേലിയെയും വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായി വിചാരണയ്ക്കിടെ മർച്ചന്റ് സമ്മതിച്ചിരുന്നു. അമേരിക്കയിലെത്തി വാടകക്കൊലയാളികളെ ഏർപ്പാടാക്കാനും, കൊലപാതകത്തിന് ശേഷം ശ്രദ്ധ തിരിക്കാൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനുമായിരുന്നു പദ്ധതി. ഇതിനായി ഇയാൾ സമീപിച്ച വ്യക്തി എഫ്.ബി.ഐയുടെ രഹസ്യവിവരദാതാവായിരുന്നു. ഇയാൾ വഴി പരിചയപ്പെട്ട രണ്ട് എഫ്.ബി.ഐ ഏജന്റുമാരെ വാടകക്കൊലയാളികളാണെന്ന് തെറ്റിദ്ധരിച്ച് മർച്ചന്റ് 5,000 ഡോളർ വീതം മുൻകൂർ പണം നൽകി.

വസ്ത്രവ്യാപാരത്തിന്റെ മറവിൽ ‘ടി-ഷർട്ട്’ (പ്രതിഷേധം), ‘ഫ്ലാനൽ ഷർട്ട്’ (മോഷണം), ‘ഫ്ലീസ് ജാക്കറ്റ്’ (കൊലപാതകം) തുടങ്ങിയ കോഡ് വാക്കുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ട്രംപിന്റെ പ്രചാരണ റാലികൾ നടക്കുന്ന സ്ഥലങ്ങൾ ഇയാൾ ഗൂഗിൾ മാപ്‌സിൽ തിരഞ്ഞതായും കണ്ടെത്തിയിരുന്നു. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ ട്രംപിന് നേരെ വധശ്രമം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് മർച്ചന്റ് പിടിയിലായത്.

ഇറാനിലുള്ള ഭാര്യയെയും കുട്ടിയെയും അപായപ്പെടുത്തുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു മർച്ചന്റിന്റെ വാദം. എന്നാൽ, രാജ്യത്തിന് ദോഷം ചെയ്യാൻ ഇയാൾ സ്വയം പ്രചോദിതനായിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളടക്കമുള്ള തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ വാദിച്ചു. വിധിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ക്രിസ്റ്റഫർ നെഫ് അറിയിച്ചു.

Money Paid to FBI Agents Mistaken for Hitmen; Pakistani National Sentenced to 27.5 Years in Prison for Plot to Assassinate Trump

More Stories from this section

family-dental
witywide