
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. ഐ.ജി എസ്. അജീത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, പരീക്ഷാ ക്രമക്കേട് വിവാദത്തിൽ പി.എസ്.സി ചെയർമാനും കമ്മീഷൻ അംഗങ്ങളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയർമാന്റെ നിർദേശം തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മൂന്ന് കമ്മീഷൻ അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായത്. വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം മാത്രമാണ് ഉണ്ടായതെന്നും, ഡിവിഷൻ ബെഞ്ചിനെ സമീപിച്ചാൽ നീതി ലഭിക്കുമെന്നുമായിരുന്നു ചെയർമാന്റെ നിലപാട്.
എന്നാൽ ഈ നിർദേശം കമ്മീഷൻ അംഗങ്ങളായ കെ. ശ്രീകുമാർ, എസ്.എ സെയ്ഫ്, സ്റ്റാനി തോമസ് എന്നിവർ തള്ളുകയായിരുന്നു. ‘മടിയിൽ കനമില്ലാത്തതിനാൽ അന്വേഷണത്തെ ഭയപ്പെടുന്നില്ല’ എന്ന നിലപാടിലാണ് കമ്മീഷൻ അംഗങ്ങൾ. നിലവിൽ അന്വേഷണത്തോട് സഹകരിക്കാതിരുന്നാൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ചെയർമാൻ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ അംഗങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ഒരു കമ്മീഷൻ അംഗം മൊഴി നൽകിയിരിക്കുന്നത്.
വിവിധ പരീക്ഷകളുടെ മാർക്കുകൾ മുൻകൂട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്നത് ചെയർമാന്റെ പതിവാണെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്മീഷൻ അംഗങ്ങളുടെ ഈ വെളിപ്പെടുത്തലുകളോടെ പി.എസ്.സിക്ക് അകത്തെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ഇന്ന് നടക്കുന്ന ചെയർമാന്റെ ചോദ്യം ചെയ്യൽ കേസിൽ നിർണായകമാകും.
PSC Exam Irregularities: Crime Branch to Question Chairman Today; Internal Rift Within Commission Intensifies















