ഫിലഡൽഫിയയിൽ സിനിമാറ്റിക് കവർച്ച : ട്രക്കിൻ്റെ പൂട്ട് തകർത്തു, ചോദിക്കാൻ ചെന്ന ഡ്രൈവറെ ഭീഷണിപ്പെടുത്തി, ലക്ഷങ്ങളുടെ കടൽവിഭവങ്ങളുമായി ആറംഗസംഘം മുങ്ങി

ഫിലഡൽഫിയ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചരക്കുലോറിയിൽ നിന്ന് വൻതോതിൽ ഞണ്ടിൻകാലുകൾ കവർന്നതായി റിപ്പോർട്ട്. ലോറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ ഭയപ്പെടുത്തി ഓടിച്ച ശേഷമാണ് ആറംഗ സംഘം 3,000 പൗണ്ട് (ഏകദേശം 1,360 കിലോഗ്രാം) തൂക്കം വരുന്ന കടൽവിഭവങ്ങൾ കവർന്നത്. ഫിലഡൽഫിയ പൊലീസിന്റെ സൌത്ത് വെസ്റ്റ് ഡിറ്റക്ടീവ് വിഭാഗം സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സിനിമാറ്റിക് സ്റ്റൈലിലുള്ള കവർച്ച നടന്നത്. ചരക്കുമായി പോയ ലോറിയുടെ ട്രെയിലർ നിർത്തിയിട്ട് ഡ്രൈവർ കാബിനിൽ ഉറങ്ങുകയായിരുന്നു. ഈ സമയത്ത് ട്രെയിലറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ സംഘം പെട്ടികൾ പുറത്തേക്ക് മാറ്റാൻ തുടങ്ങി. ശബ്ദം കേട്ടുണർന്ന ഡ്രൈവർ നോക്കുമ്പോൾ ആറ് പേരടങ്ങുന്ന സംഘം വലിയ ബോക്സുകൾ ഒരു പിക്കപ്പ് ട്രക്കിലേക്ക് കയറ്റുന്നതാണ് കണ്ടത്.

ചോദ്യം ചെയ്യാനായി ഡ്രൈവർ പുറത്തിറങ്ങിയെങ്കിലും, മോഷ്ടാക്കളിൽ ഒരാൾ ഇയാളെ ആക്രമിക്കാൻ ആക്രോശിച്ചുകൊണ്ട് തെരുവിലൂടെ ഓടിക്കുകയായിരുന്നു. തുടർന്ന് ഭയന്നോടിയ ഡ്രൈവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

ഫോർഡ് എഫ്-150 പിക്കപ്പ് ട്രക്ക്, ഡോഡ്ജ് കാരവൻ ഉൾപ്പെടെയുള്ള ഒന്നിലധികം ആഡംബര വാഹനങ്ങളിലാണ് പ്രതികൾ എത്തിയത്. 30 പൗണ്ട് വീതം തൂക്കമുള്ള 50 ബോക്സുകൾ അടങ്ങിയ രണ്ട് വലിയ പലകകളാണ് ഇവർ മിനിറ്റുകൾക്കുള്ളിൽ വാഹനങ്ങളിലേക്ക് മാറ്റി കടന്നുകളഞ്ഞത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മത്സ്യ ശേഖരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

സമീപകാലത്തായി ഫിലഡൽഫിയയിൽ കാർഗോ ട്രക്കുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘങ്ങൾ സജീവമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് വലവീശിക്കഴിഞ്ഞു.

Cinematic Heist in Philadelphia: Six-Member Gang Breaks Truck Lock, Threatens Driver Who Intervenes, and Escapes with Seafood Worth Lakhs

More Stories from this section

family-dental
witywide