
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് സർവകലാശാലാ വിദ്യാർത്ഥിനികളായ പെൺകുട്ടികളെ അമിതവേഗതയിലെത്തിയ ടെസ്ല കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലിഫോർണിയ പോളിടെക്നിക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനികളായ ലിലിയൻ ബർക്ക്, സോയി ആർച്ചിബാൾഡ് (ഇരുവർക്കും 19 വയസ്സ്) എന്നിവരെ ഇതേ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയായ ഇന്ത്യൻ വംശജനായ ഇഷാൻ പാണ്ഡവരെ (20) എന്നയാൾ മദ്യപിച്ച് വാഹനാപകടത്തിൽപ്പെടുത്തുകയായിരുന്നു.
ഈ വർഷം ജനുവരി 8-ന് നടന്ന ദാരുണമായ അപകടത്തെക്കുറിച്ച് ഇരകളായ പെൺകുട്ടികൾ കോടതിയിൽ സമർപ്പിച്ച സിവിൽ ഹർജിയിലാണ് കൂടുതൽ വിവരങ്ങളുള്ളത്. മണിക്കൂറിൽ 25 മൈൽ മാത്രം വേഗപരിധിയുള്ള ജനവാസ മേഖലയിലൂടെ 60 മൈൽ വേഗതയിലാണ് ഇഷാൻ കാറോടിച്ചിരുന്നത്. അപകടത്തിന് തൊട്ടുമുൻപ് ഇഷാൻ സർവകലാശാലയിലെ വിവിധ മദ്യസൽക്കാരങ്ങളിൽ പങ്കെടുത്തിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.
വഴിയിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികളെ ഇടിക്കുന്നതിന് മുൻപോ ശേഷമോ വാഹനം പതുക്കെയാക്കാനോ ബ്രേക്ക് ചെയ്യാനോ ഇഷാൻ ശ്രമിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കാറിടിച്ച ആഘാതത്തിൽ പെൺകുട്ടികൾ തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. അപകടത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിലായ പെൺകുട്ടികളെ ‘റോഡിലെ മാലിന്യം പോലെ’ ഉപേക്ഷിച്ചാണ് പ്രതി സംഭവസ്ഥലത്തുനിന്ന് കാറോടിച്ചു പോയത്.
തുടർച്ചയായ ശസ്ത്രക്രിയകൾക്കും വിദഗ്ദ്ധ ചികിത്സകൾക്കും ശേഷമാണ് പെൺകുട്ടികൾ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തങ്ങൾക്കുണ്ടായ കടുത്ത ശാരീരിക പരിക്കുകൾക്കും കടുത്ത മാനസിക ആഘാതത്തിനും വൻ തുക നഷ്ടപരിഹാരം വേണമെന്നാണ് പെൺകുട്ടികളുടെ ആവശ്യം.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയതിനും, മദ്യപിച്ച് പൊതുജനങ്ങൾക്ക് പരിക്കേൽപ്പിച്ചതിനുമടക്കം നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇഷാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ താൻ കുറ്റക്കാരനല്ലെന്നാണ് പ്രതി കോടതിയിൽ വാദിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകുകയും അമിത മദ്യപാനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്ത സർവകലാശാലയിലെ ‘കപ്പ സിഗ്മ’ ഫ്രറ്റേണിറ്റിക്കെതിരെയും പെൺകുട്ടികൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
“ഒരു പ്രായപൂർത്തിയാകാത്ത ഡ്രൈവർ മദ്യപിച്ച് രണ്ട് വിദ്യാർത്ഥിനികളെ ഇടിച്ചിട്ട് ഭീരുവിനെപ്പോലെ ഓടിപ്പോയി. ഈ ദുരന്തത്തിന് കാരണക്കാരായ ഓരോരുത്തരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും,” എന്ന് ഇരകളുടെ അഭിഭാഷകർ വ്യക്തമാക്കി. അപകടത്തെത്തുടർന്ന് സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഇഷാൻ പാണ്ഡവരെ നിലവിൽ 1.5 ലക്ഷം ഡോളറിന്റെ (ഏകദേശം 1.25 കോടി രൂപ) ജാമ്യത്തിൽ മാതാപിതാക്കൾക്കൊപ്പം സാൻ ഡിയാഗോയിലാണ് കഴിയുന്നത്.
Tesla driver, speeding while intoxicated, struck female students and left them lying on the road “like trash”; major legal battle ensues in the US.















