
വാഷിംഗ്ടൺ: അമേരിക്കൻ ആരോഗ്യ ഏജൻസിയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) ഡെപ്യൂട്ടി ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. ജെനിഫർ ഷുഫോർഡ് രാജിവെച്ചു. കഴിഞ്ഞ ഏപ്രിലിൽ മാത്രം ചുമതലയേറ്റ ഡോ. ഷുഫോർഡിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിഡിസി പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിൽ (നവംബർ 12-ഓടെ) അവർ പദവി ഒഴിഞ്ഞേക്കും.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനാണ് താൻ പദവി ഒഴിയുന്നതെന്ന് ഡോ. ഷുഫോർഡ് വ്യക്തമാക്കി. സിഡിസിയെ നയിക്കാൻ അവസരം നൽകിയതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനോടും അവർ നന്ദി രേഖപ്പെടുത്തി. ഡോ. ഷുഫോർഡിന്റെ മികച്ച നേതൃത്വത്തെയും പൊതുജനാരോഗ്യത്തോടുള്ള പ്രതിബദ്ധതയെയും സിഡിസി ഡയറക്ടർ ഡോ. എറിക്ക ഷ്വാർട്സ് പ്രശംസിച്ചു. ഒഴിവ് വരുന്ന പദവികളിലേക്ക് സതീഷ് പിള്ളയെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.
ടെക്സസിലെ ചീഫ് സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റായും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ഷുഫോർഡ്, വാക്സിനേഷന്റെ ശക്തയായ വക്താവാണ്. വാക്സിനേഷൻ നിരക്ക് കുറയുന്ന ഇടങ്ങളിൽ രോഗവ്യാപന സാധ്യത കൂടുമെന്ന് അവർ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ടെക്സസിലുണ്ടായ അഞ്ചാംപനി വ്യാപനം സാധാരണ സംഭവമാണെന്ന് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ വിലയിരുത്തിയപ്പോൾ, ഇത് അസാധാരണമായ സാഹചര്യമാണെന്നും വാക്സിനേഷൻ നിരക്ക് കുറഞ്ഞതാണ് ഇതിന് കാരണമെന്നുമാണ് ഡോ. ഷുഫോർഡ് സിഎൻഎൻ അഭിമുഖത്തിൽ പരസ്യമായി പ്രതികരിച്ചത്. കോവിഡ് മഹാമാരിയുടെ സമയത്ത് വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും ഇവർ പ്രധാന പങ്കുവഹിച്ചിരുന്നു.
Disagreement with Kennedy over vaccine policy; CDC Deputy Director Dr. Jennifer Shuford resigns














