
ദോഹ: ഹോർമുസ് കടലിടുക്കിലെ മാസങ്ങൾ നീണ്ട ഉപരോധത്തിനും ചെങ്കടൽ തീരത്ത് ഹൂതികൾ മുന്നേറ്റം നടത്തുന്നതിനും പിന്നാലെ, ബാബ് എൽ-മന്ദബ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനെതിരെ ഖത്തറിന്റെ ശക്തമായ മുന്നറിയിപ്പ്. ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനായ ഇബ്രാഹിം അൽ ഹാഷ്മി ഈ പ്രസ്താവന നടത്തിയത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നതുമൂലം ലോകം ഇതിനകം തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാൽ ബാബ് എൽ-മന്ദബ് കടലിടുക്ക് കൂടി ഈ സമവാക്യത്തിലേക്ക് ചേർക്കാൻ ലോകത്തിന് താങ്ങാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചെങ്കടലിന്റെ തെക്കേ പ്രവേശന കവാടമായ ബാബ് എൽ-മന്ദബ് അടച്ചുപൂട്ടുന്നത് ലോകത്തിന് മൊത്തത്തിൽ കനത്ത ആഘാതമായിരിക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നപരിഹാരം കാണാനാണ് ഖത്തർ നിരന്തരം ശ്രമിക്കുന്നതെന്നും അൽ ഹാഷ്മി പറഞ്ഞു.















