
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് അമിതമായാൽ പാക്കറ്റിൻ്റെ മുൻവശത്ത് ചുവപ്പ് മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI). ഇതുസംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലം എഫ്.എസ്.എസ്.എ.ഐ സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണങ്ങൾ എളുപ്പത്തിൽ തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.
നിർദ്ദിഷ്ട പരിധിയിലധികം പഞ്ചസാരയോ ഉപ്പോ കൊഴുപ്പോ അടങ്ങിയ ഭക്ഷണപ്പൊതികൾക്ക് മുന്നിൽ ‘സ്റ്റോപ്പ് സൈൻ’ മാതൃകയിലുള്ള ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള (Hexagonal) ലേബലായിരിക്കും നൽകുക. ഇതിനൊപ്പം “HIGH SUGAR”, “HIGH SALT” അല്ലെങ്കിൽ “HIGH FAT” എന്ന് വലിയ അക്ഷരങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തണം. പാക്കറ്റിൻ്റെ പിൻവശത്തുള്ള പോഷകവിവര പട്ടികയിലെ ഫോണ്ടിനേക്കാൾ വലിയ അക്ഷരങ്ങളിലായിരിക്കണം ഈ മുന്നറിയിപ്പ് അച്ചടിക്കേണ്ടത്.
കുട്ടികളിലെ അമിതവണ്ണത്തിന് ഇത്തരം പാക്കറ്റ് ഭക്ഷണങ്ങൾ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ‘3S ആന്റ് അവർ ഹെൽത്ത് സൊസൈറ്റി’ എന്ന എൻജിഒ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുണ്ടായത്. ഭക്ഷണങ്ങളിലെ അമിത ചേരുവകളെക്കുറിച്ച് കമ്പനികൾ വ്യക്തമായ വിവരങ്ങൾ നൽകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് സർക്കാരിനെയും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെയും കടുത്ത ഭാഷയിൽ ശാസിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്കാരങ്ങൾ സമർപ്പിക്കപ്പെട്ടത്.
അതേസമയം, പുതിയ നീക്കത്തിനെതിരെ പ്രമുഖ ആഗോള ഭക്ഷ്യ-പാനീയ കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. കൊക്കകോള, നെസ്‌ലെ, പെപ്സികോ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ ലേബലിംഗ് നിയമങ്ങളിലെ ചില വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാൽ, കമ്പനികൾ വെറും നിയമം പാലിക്കുന്നതിനപ്പുറം ധാർമ്മിക ഉത്തരവാദിത്തം കാണിക്കണമെന്ന് മഹാരാഷ്ട്ര ഫുഡ് കമ്മീഷണർ തുക്കാറാം മുണ്ടെ ആവശ്യപ്പെട്ടു.
പുതിയ നിയമം രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിൽ മൂന്ന് വില്ലൻ ചേരുവകളിൽ (പഞ്ചസാര, ഉപ്പ്, കൊഴുപ്പ്) രണ്ടോ അതിലധികമോ എണ്ണം പരിധിയിലധികം അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് നിയമം ബാധകമാക്കും.രണ്ടാം ഘട്ടത്തിൽ ഇതിൽ ഏതെങ്കിലും ഒരു ചേരുവ മാത്രം അമിതമായി അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങളിലേക്കും ചുവപ്പ് ലേബൽ വ്യാപിപ്പിക്കും.
അതേസമയം, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ഏക-ചേരുവ ഭക്ഷണങ്ങളെ ഈ മുന്നറിയിപ്പ് ലേബലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെയ്, വെളിച്ചെണ്ണ/മറ്റ് എണ്ണകൾ, പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പ്, പഞ്ചസാര, ശർക്കര, തേൻ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
‘Red signal’ now on food packaging: FSSAI to make red label mandatory for high sugar, salt and fat content















