ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിൻ്റെ കണ്ണിന് അസ്വസ്ഥത; ആരോഗ്യനിലയെക്കുറിച്ച് വീണ്ടും ചർച്ച

ഫ്ലോറിഡയിലെ ഡേടോണ ബീച്ചിൽ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കണ്ണ് തുറന്നുവയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസംഗം അൽപസമയത്തേക്ക് നിർത്തിവച്ചു. നവംബർ നാലിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. പ്രസംഗത്തിനിടെ കണ്ണിൽ എന്തോ വീണതുപോലെ തോന്നിയ ട്രംപ് വെള്ളം നിറച്ച കപ്പിൽ മുക്കിയ തൂവാല ഉപയോഗിച്ച് കണ്ണ് തുടയ്ക്കുകയായിരുന്നു.

‘കുഴപ്പമില്ലല്ലോ? എന്റെ കണ്ണിൽ എന്തോ വീണു, നോക്കൂ’ എന്ന് സദസ്സിനോട് പറഞ്ഞ ശേഷമായിരുന്നു നടപടി. കണ്ണ് തുടച്ചശേഷം ആശ്വാസം പ്രകടിപ്പിച്ച ട്രംപ്, ‘കുറച്ച് ഐ ഡ്രോപ്പ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ’ എന്നും പറഞ്ഞു. തുടർന്ന് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ട്രംപ് മറുപടി നൽകി. വാരാന്ത്യത്തിൽ നടത്താനിരുന്ന രണ്ട് തിരഞ്ഞെടുപ്പ് റാലികൾ ആദ്യം റദ്ദാക്കിയതിനു പിന്നാലെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ‘അങ്ങനെ ചെയ്താൽ എനിക്ക് ഗുരുതരമായ അസുഖമാണെന്നും എന്തോ കുഴപ്പമുണ്ടെന്നും അവർ പറയും’ – എന്നും 80കാരനായ ട്രംപ് പറഞ്ഞു.

പ്രസംഗം പുനരാരംഭിച്ചപ്പോൾ സദസ്സിലുള്ളവർ ചിരിച്ചുകൊണ്ടാണ് സംഭവത്തോട് പ്രതികരിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ സംഭവം വ്യത്യസ്തമായ പ്രതികരണങ്ങൾക്ക് വഴിവച്ചു. ട്രംപ് ആരോഗ്യപ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുകയാണെന്ന് ചിലർ ആരോപിച്ചു. ദൃശ്യങ്ങൾ എക്സിൽ പ്രചരിച്ചതോടെ ‘ദൈവമേ! മുത്തച്ഛനെ വേദിയിൽനിന്ന് മാറ്റണം. അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെടുകയാണ്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘അദ്ദേഹത്തിന് ഗുരുതരമായ അസുഖമുണ്ട്. എന്തോ കുഴപ്പമുണ്ട്’ എന്ന് മറ്റൊരാൾ കുറിച്ചു. 2028ൽ അദ്ദേഹത്തിന്റെ കോമഡി പരിപാടികൾ അവസാനിക്കുമെന്നും മറ്റൊരാൾ പരിഹസിച്ചു.

നേരത്തെ കൻസാസിലും അയോവയിലും നടത്താനിരുന്ന റാലികൾ ട്രംപ് റദ്ദാക്കിയിരുന്നു. ഇതോടെ ആരോഗ്യനിലയെക്കുറിച്ച് ചോദ്യങ്ങൾ വീണ്ടും ഉയർന്നു. എന്നാൽ തനിക്ക് ‘പൂർണ ആരോഗ്യ’മാണെന്ന് ട്രംപ് അവകാശപ്പെട്ടു. പിന്നീട് വെള്ളിയാഴ്ച രണ്ട് റാലികളും പുനഃസ്ഥാപിച്ചു. അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്കായിരിക്കുമെന്ന് തീരുമാനിക്കുന്നതിനാൽ ഇടക്കാല തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100ൽ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനപ്രതിനിധി സഭാംഗങ്ങളുടെ കാലാവധി രണ്ടും സെനറ്റർമാരുടേത് ആറുമാണ്.

Trump’s eye trouble interrupts Daytona Beach rally as fresh health questions emerge ahead of midterms: ‘He’s seriously ill’

More Stories from this section

family-dental
witywide