പുതിയ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ: മലപ്പുറത്ത് നൂറോളം പേർ ചികിത്സയിൽ, ഒരാൾ മരിച്ചു; ഹോട്ടൽ അടപ്പിച്ചു

വണ്ടൂർ: പുതുതായി തുടങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കാളികാവ് പെവുന്തറ സ്വദേശിയും വ്യാപാരിയുമായ അച്ചിപ്പാറ സത്താർ (45) മരണമടഞ്ഞു. രോഗബാധയെത്തുടർന്ന് വണ്ടൂർ മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച റെസ്റ്റോറന്റ് ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു.

വണ്ടൂർ, തിരുവാലി, ചോക്കാട്, പോരൂർ, കാളികാവ് തുടങ്ങിയ സമീപ പഞ്ചായത്തുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരും വണ്ടൂർ പഞ്ചായത്ത് പരിധിയിലുള്ളവരാണ്. നിലവിൽ പതിനെട്ടോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ, ഇവിടെ ഉപയോഗിച്ചിരുന്ന വെള്ളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ‘ഇ-കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒക്ടോബർ 3 മുതൽ 18 വരെ പുതിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവരിലാണ് രോഗം കണ്ടെത്തിയത്. പതിനൊന്നാം തീയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വണ്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തിവരികയാണ്. ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ മറ്റ് ഹോട്ടലുകളിലും കൂൾബാറുകളിലും കാന്റീനുകളിലും ആരോഗ്യവിഭാഗം കർശന പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ക്ഷീണം, പനി, വിശപ്പില്ലായ്മ, കണ്ണിലും മൂത്രത്തിലും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദേശം നൽകി.

Jaundice outbreak linked to food from a new hotel: Around 100 people undergoing treatment in Malappuram, one death reported; hotel shut down.

More Stories from this section

family-dental
witywide