ബിസ്‌ലേരി കുടിവെള്ളത്തിന്റെ സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി

പ്രമുഖ പാക്കേജ്ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിന്റെ കുടിവെള്ള സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ നിയമനടപടിക്ക് അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

ബിസ്‌ലേരി കേന്ദ്രത്തിൽ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ച മിനറൽ വാട്ടർ അല്ലാത്ത പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാമ്പിളിലാണ് അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയത്. ഇതോടെ സാമ്പിൾ സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ പ്രഖ്യാപിച്ചു. കമ്പനി നൽകിയ അപ്പീലിനെ തുടർന്ന് സാമ്പിൾ വീണ്ടും പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തിയതായും സാമ്പിൾ സുരക്ഷിതമല്ലെന്ന കണ്ടെത്തൽ ആവർത്തിച്ചതായും അതോറിറ്റി വ്യക്തമാക്കി. എന്നാൽ സാമ്പിൾ ശേഖരിച്ച കേന്ദ്രം ഏതാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ബിസ്‌ലേരിക്ക് പുറമെ വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ, മീമാംസ ഇൻഡസ്ട്രീസ്, ആശാ കൺഫെക്ഷണറി തുടങ്ങിയ കമ്പനികൾക്കെതിരെയും പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനെ തുടർന്ന് ഊർമി ലൈഫ് സയൻസസിന്റെയും ഗൗർ ആയുർവേദിക് സ്റ്റോറിന്റെയും ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ പ്രീ-പാക്ക്ഡ് ചോക്ലേറ്റ് ഫിൽഡ് കുക്കികൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും ആശാ കൺഫെക്ഷണറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ വർഷം ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്‌സ് കമ്പനികൾക്കുമെതിരെ പരിശോധനയും നടപടികളും എഫ്.എസ്.എസ്.എ.ഐ ശക്തമാക്കിയിട്ടുണ്ട്. എനർജി ഡ്രിങ്ക്, മദ്യനിർമാണ കമ്പനികൾക്കെതിരെയും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide