ടാറ്റ ഗ്രൂപ്പിൽ അധികാരം പിടിക്കാൻ അണിയറനീക്കം; പബ്ലിക് ലിസ്റ്റിംഗിനെച്ചൊല്ലി ഭിന്നത രൂക്ഷം, വിശ്വസ്തമായ ഇന്ത്യൻ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ ഭാവി പ്രതിസന്ധിയിൽ ?

മുംബൈ: ഇന്ത്യയിലെ ഏറ്റവും വിശ്വസ്തവും വലുതുമായ ബിസിനസ്സ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിൽ അധികാരവും കോർപ്പറേറ്റ് ഭരണനിർവ്വഹണവും സംബന്ധിച്ച ആഭ്യന്തര തർക്കം കനക്കുന്നു. ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുന്ന ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസും, അതിന്റെ ഭൂരിപക്ഷം ഓഹരികളും നിയന്ത്രിക്കുന്ന ധാർമ്മിക മുഖമായ ടാറ്റാ ട്രസ്റ്റും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ പരസ്യമായ കോർപ്പറേറ്റ് യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന റിസർവ് ബാങ്ക് നിയമപ്രകാരം ടാറ്റാ സൺസ് ലിസ്റ്റിംഗിനൊരുങ്ങുകയാണ്. ഈ തീരുമാനത്തെ ടാറ്റാ സൺസ് ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും മൈനോറിറ്റി ഓഹരി ഉടമകളായ എസ്.പി ഗ്രൂപ്പും പിന്തുണയ്ക്കുന്നു. എന്നാൽ ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ഇതിനെ ശക്തമായി എതിർക്കുന്നു. പബ്ലിക് ലിസ്റ്റിംഗ് കമ്പനിയുടെ ജീവകാരുണ്യ ലക്ഷ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന് വീണ്ടും കാലാവധി നീട്ടി നൽകുന്നതിലും നോയൽ ടാറ്റയ്ക്ക് വിയോജിപ്പുണ്ട്. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഈ രണ്ട് തീരുമാനങ്ങളും അട്ടിമറിക്കപ്പെട്ടേക്കുമെന്നാണ് സൂചനകൾ.

ടാറ്റ മോട്ടോഴ്‌സ്, ടി.സി.എസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ പ്രമുഖ കമ്പനികളുടെ മാതൃകമ്പനിയാണ് ടാറ്റാ സൺസ്. എന്നാൽ ഈ ടാറ്റാ സൺസിന്റെ 66 ശതമാനത്തോളം ഓഹരികൾ കൈവശം വെച്ചിരിക്കുന്നത് വിവിധ ജീവകാരുണ്യ ട്രസ്റ്റുകളുടെ കൂട്ടായ്മയായ ടാറ്റാ ട്രസ്റ്റാണ്. അതായത്, ബിസിനസ്സ് നടത്തുന്ന കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥർ ഈ ട്രസ്റ്റാണ്.

അതേസമയം, ടാറ്റാ സൺസിലെ ഏറ്റവും വലിയ വ്യക്തിഗത മൈനോറിറ്റി ഓഹരി ഉടമകളാണ് ഷപൂർജി പല്ലോൻജി ഗ്രൂപ്പ് (ഏകദേശം 18.4% ഓഹരികൾ). മുൻപ് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ഈ കുടുംബാംഗമായിരുന്നു. തങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഓഹരികൾ വിറ്റ് പണമാക്കാൻ ശ്രമിക്കുന്ന എസ്.പി ഗ്രൂപ്പ്, ലിസ്റ്റിംഗ് വഴി തങ്ങൾക്ക് കൃത്യമായ വിപണി മൂല്യം ലഭിക്കുമെന്ന് കരുതുന്നതിനാലാണ് ടാറ്റാ സൺസ് ബോർഡിനൊപ്പം നിൽക്കുന്നത്.

രത്തൻ ടാറ്റയുടെ വിയോഗവും നേതൃത്വത്തിലെ വിടവും
കഴിഞ്ഞവർഷം മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചതിന് ശേഷമാണ് ഗ്രൂപ്പിൽ ഭിന്നതകൾ രൂക്ഷമായത്. രത്തൻ ടാറ്റയുടെ വ്യക്തിപ്രഭാവവും ജീവകാരുണ്യ പ്രവർത്തനങ്ങളും ടാറ്റ എന്ന പേരിനെ ഇന്ത്യൻ ജനതയുടെ വികാരമാക്കി മാറ്റിയിരുന്നു. അദ്ദേഹത്തിന് ശേഷം ടാറ്റാ ട്രസ്റ്റിന്റെ അമരത്തേക്ക് നോയൽ ടാറ്റ എത്തിയെങ്കിലും, മുൻകാലങ്ങളിലേതുപോലെ അധികാരം പൂർണ്ണമായി കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു.

2016-ൽ സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പിൽ വലിയ നിയമപോരാട്ടം നടന്നിരുന്നെങ്കിലും, അന്നത്തെ തർക്കം ഒരു വ്യക്തിക്കെതിരെ ആയിരുന്നു. എന്നാൽ ഇത്തവണ ഭിന്നത വന്നിരിക്കുന്നത് ഗ്രൂപ്പിന്റെ നട്ടെല്ലായ ടാറ്റാ സൺസും ഉടമസ്ഥരായ ടാറ്റാ ട്രസ്റ്റും തമ്മിലാണെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ടാറ്റാ സൺസിനെ ലിസ്റ്റിംഗിൽ നിന്ന് ഒഴുവാക്കാൻ കമ്പനിയുടെ ഘടന മാറ്റുകയോ, എസ്.പി ഗ്രൂപ്പിന്റെ ഓഹരികൾ തിരികെ വാങ്ങുകയോ ചെയ്യുക എന്ന നിർദ്ദേശമാണ് നോയൽ ടാറ്റ മുന്നോട്ട് വെക്കുന്നത്.

ഉപ്പുമുതൽ സോഫ്റ്റ്‌വെയർ വരെ നീളുന്ന, 260 ബില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള ഈ മഹാസാമ്രാജ്യത്തിലെ ആഭ്യന്തര കലഹം ഇപ്പോൾ പൊതുവേദിയിൽ വരുന്നത് നിക്ഷേപകർ, ബിസിനസ്സ് പങ്കാളികൾ, ജീവനക്കാർ എന്നിവർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ നോയൽ ടാറ്റ തന്റെ ഭൂരിപക്ഷ അധികാരം ഉപയോഗിച്ച് ലിസ്റ്റിംഗും ചെയർമാന്റെ പുനർനിയമനവും തടഞ്ഞാൽ, അത് കടുത്ത നിയമപോരാട്ടത്തിലേക്ക് വഴിമാറും. പതിറ്റാണ്ടുകളായി ഇന്ത്യൻ ജനത കെട്ടിപ്പടുത്ത ‘ടാറ്റ’ എന്ന വിശ്വസ്ത ബ്രാൻഡിന്റെ ഭാവി ഈ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

Rift over public listing intensifies within the Tata Group; is the future of the trusted Indian business empire in jeopardy?

More Stories from this section

family-dental
witywide