
വാഷിംഗ്ടൺ ഡി.സി: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡി.സി.യിലെ വസതിയിൽ ഫെഡറൽ ഏജന്റുമാർ മിന്നൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ കീഴിലുള്ള ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കോടതിയിൽ നിന്ന് മുൻകൂട്ടി വാങ്ങിയ സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകീയ നീക്കം.
ഇടക്കാല തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ റെയ്ഡ് യു.എസ്. രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒമറിന്റെ കുട്ടിക്കാലത്തെ കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു.
സോമാലിയൻ വംശജയായ ഇൽഹാൻ ഒമർ കുട്ടിയായിരുന്നപ്പോൾ, അവരുടെ പിതാവ് പൂരിപ്പിച്ചു നൽകിയ കുടിയേറ്റ രേഖകളിലെ ക്രമക്കേടുകളാണ് അന്വേഷണ പരിധിയിലുള്ളതെന്നാണ് വിവരം. വ്യാജ പ്രസ്താവനകൾ നടത്തുക, ഇമിഗ്രേഷൻ ആനുകൂല്യങ്ങൾക്കായി തട്ടിപ്പ് നടത്തുക തുടങ്ങിയ ആരോപണങ്ങൾ പരിശോധിക്കുന്നുണ്ട്. സാധാരണ നാടുകടത്തൽ പ്രക്രിയകൾ കൈകാര്യം ചെയ്യുന്ന ഐസിഇ വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, വലിയ ക്രിമിനൽ തട്ടിപ്പുകൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് ഒമറിന്റെ വസതിയിൽ പരിശോധന നടത്തിയത്. പരിശോധനയെക്കുറിച്ച് യു.എസ്. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നാണ് സൂചന.
റെയ്ഡിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഇൽഹാൻ ഒമർ രംഗത്തെത്തി. “താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയ ശത്രുക്കളെ വേട്ടയാടാൻ ഫെഡറൽ ഏജൻസികളെ ഭരണകൂടം ക്രൂരമായി ദുരുപയോഗം ചെയ്യുകയാണെന്നും” ഒമറിന്റെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച ഒമർ, താൻ സുരക്ഷിതയാണെന്നും ഭയപ്പെടുത്തി നിശബ്ദയാക്കാൻ നോക്കേണ്ടെന്നും വ്യക്തമാക്കി. “കഴിഞ്ഞ പത്ത് വർഷമായി ഡോണൾഡ് ട്രംപ് അടിസ്ഥാനരഹിതമായ നുണകളിലൂടെ എന്നെ ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ രാഷ്ട്രീയ ഭീഷണിപ്പെടുത്തൽ,” ഒമർ കുറിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകരിൽ ഒരാളാണ് ഇൽഹാൻ ഒമർ. എന്നാൽ ഈ റെയ്ഡുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. “അവർ ഒരു നല്ല വ്യക്തിയല്ലെന്നാണ് എന്റെ അഭിപ്രായം, എന്നാൽ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ പരിധിയിൽ വരുന്നതാണ്,” ട്രംപ് വ്യക്തമാക്കി. അതേസമയം, ഒമറിനെതിരെ ക്രിമിനൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ബോർഡർ സർ ടോം ഹോമാൻ മുൻപ് സെപ്റ്റംബറിൽ സൂചന നൽകിയിരുന്നു.
അതേസമയം, ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള മുതിർന്ന ഡെമോക്രാറ്റിക് നേതാക്കൾ റെയ്ഡിനെ ശക്തമായി അപലപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ സർക്കാർ സംവിധാനങ്ങളെ ആയുധമാക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി
Homeland Security raids Democratic Representative Ilhan Omar’s residence; Omar calls it a political weapon, while Trump denies involvement.















