റഷ്യയിലെ പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയുടെ മരണം; ദുരൂഹത നീക്കാൻ വിവരങ്ങൾ പുറത്തുവിടണമെന്ന് യു.എസ്; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന

ജനീവ: റഷ്യയിലെ പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ദുരൂഹതകൾ നീക്കാനും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് ലോകത്തോട് കൂടുതൽ സുതാര്യത പുലർത്താനും റഷ്യയോട് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. സംഭവത്തിൽ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് റഷ്യൻ അധികൃതർ ഈ ആഴ്ച പുറത്തുവിട്ടതെന്നും, വസ്തുതകൾ ലോകവുമായി പങ്കുവെക്കാൻ മോസ്കോ ബാധ്യസ്ഥരാണെന്നും ഐസ്‌ലൻഡ് തലസ്ഥാനമായ റെയ്‌ക്ജാവിക് സന്ദർശനത്തിനെത്തിയ റൂബിയോ ചൊവ്വാഴ്ച വ്യക്തമാക്കി.

സൈബീരിയയിലെ ഇർകുട്സ്ക് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്നീഷ്യനായ ദാരിയ ഷിപിലോവ (28) എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച മരിച്ചത്. ലബോറട്ടറിയിലുണ്ടായ അപകടത്തെത്തുടർന്ന് പ്ലേഗ് ബാധിച്ചാണ് യുവതി മരിച്ചതെന്നും മരണത്തെത്തുടർന്ന് നിരവധി ആരോഗ്യ കേന്ദ്രങ്ങളിൽ മുൻകരുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നുമുള്ള പ്രാദേശിക റിപ്പോർട്ടുകളെ റഷ്യയുടെ ദേശീയ ആരോഗ്യ ഏജൻസി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഭാഗത്തുനിന്നും സുതാര്യത ആവശ്യപ്പെട്ടുള്ള പ്രതികരണം ഉണ്ടായത്.
അതേസമയം, റഷ്യയുടെ കിഴക്കൻ സൈബീരിയൻ മേഖലയിലുണ്ടായ ഈ സംഭവത്തെത്തുടർന്ന് റഷ്യയിലും യൂറോപ്പിലും പൊതുജനാരോഗ്യ ഭീഷണി നിലവിൽ കുറവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കി. ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിലയിരുത്തലിൽ, ഇർകുട്സ്ക് മേഖലയിൽ മിതമായതോ കുറഞ്ഞതോ ആയ അപകടസാധ്യത മാത്രമേയുള്ളൂവെന്നും, റഷ്യയിലൊട്ടാകെ ഇത് വളരെ കുറവാണെന്നും യൂറോപ്യൻ മേഖലയിൽ അപകടസാധ്യത തീരെയില്ലെന്നും ഡബ്ല്യു.എച്ച്.ഒ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മിയർ ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മരണപ്പെടുന്നതിന് മുൻപ് ഷിപിലോവയുമായി സമ്പർക്കത്തിൽ വന്ന എല്ലാ വ്യക്തികളെയും റഷ്യൻ അധികൃതർ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും, അവരിൽ ആർക്കും പ്ലേഗിന്റെ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ലെന്നും ലിൻഡ്മിയർ അറിയിച്ചു. ഇവർ ജോലി ചെയ്തിരുന്ന സൈബീരിയൻ മേഖലയിലെ വന്യജീവികളിൽ സ്വാഭാവികമായി തന്നെ പ്ലേഗ് ബാക്ടീരിയകൾ കണ്ടുവരുന്ന പ്രദേശമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തുടക്കത്തിൽ സാധാരണ ശ്വാസകോശ സംബന്ധമായ വൈറൽ അണുബാധയുടെ ലക്ഷണങ്ങളോടെയായിരുന്നു രോഗം കണ്ടതെന്നും, ന്യൂമോണിക് പ്ലേഗ് മൂലമാണോ മരണം സംഭവിച്ചതെന്ന് റഷ്യൻ ആരോഗ്യ അധികൃതർ അന്വേഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide