വത്തിക്കാനുമായുള്ള ഉലഞ്ഞ ബന്ധങ്ങൾ ശരിയാകുമോ? മാർപാപ്പയെ കാണാൻ മാർക്കോ റൂബിയോ. ജോർജിയ മെലോണിയുമായും കൂടിക്കാഴ്ച

റോം: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇറ്റലിയും വത്തിക്കാനും സന്ദർശിക്കും. ലിയോ പതിനാലാമൻ മാർപാപ്പയുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. ചിക്കാഗോ സ്വദേശിയായ മാർപാപ്പയെ കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചതിന് ശേഷം ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും വത്തിക്കാനും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, ഈ സന്ദർശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.ഭരണകൂടത്തിലെ പ്രമുഖ കത്തോലിക്കാ വിശ്വാസിയായ റൂബിയോ, വ്യാഴാഴ്ച മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വത്തിക്കാൻ വൃത്തങ്ങൾ നൽകുന്ന സൂചന. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പടിഞ്ഞാറൻ അർദ്ധഗോളത്തിലെ പൊതു താൽപ്പര്യങ്ങളെക്കുറിച്ചും അദ്ദേഹം വത്തിക്കാൻ നേതൃത്വവുമായി ചർച്ച നടത്തും. കൂടാതെ, ഇറ്റാലിയൻ അധികൃതരുമായി സുരക്ഷാ കാര്യങ്ങളിലും തന്ത്രപരമായ സഹകരണത്തിലും റൂബിയോ ചർച്ചകൾ നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലേറ്റ സാഹചര്യത്തിലാണ് ഈ സന്ദർശനം. മെലോണിമായും റൂബിയോ കൂടിക്കാഴ്ച നടത്തും. ഇറാൻ യുദ്ധത്തിന്റെ കടുത്ത വിമർശകയായി മാറിയ മെലോണി, മാർപാപ്പയെ ട്രംപ് അധിക്ഷേപിച്ചതിനെയും ശക്തമായി എതിർത്തിരുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നടപടികൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മെലോണിയുടെ ധൈര്യത്തെക്കുറിച്ച് താൻ തെറ്റിദ്ധരിച്ചതായും ട്രംപ് കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു.ലിയോ പതിനാലാമൻ മാർപാപ്പ വിദേശനയങ്ങളിൽ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. അമേരിക്കക്കാരനായ ഒരാളെ മാർപാപ്പയായി തിരഞ്ഞെടുത്തത് തനിക്കുള്ള ബദലായാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ റൂബിയോ നടത്തുന്ന സന്ദർശനം നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. യൂറോപ്പിലെ അമേരിക്കയുടെ നിർണ്ണായക പങ്കാളികളുമായുള്ള ബന്ധം വഷളാകുന്നത് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കാനിടയുണ്ട്.

More Stories from this section

family-dental
witywide