റഷ്യയിലെ പ്ലേഗ് ഭീതിയിൽ അമേരിക്ക ജാഗ്രതയിൽ; റഷ്യയിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് റൂബിയോയുടെ മുന്നറിയിപ്പ്

വാഷിങ്ടൺ: റഷ്യയിൽ ലബോറട്ടറി ജീവനക്കാരന് പ്ലേഗ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് യുഎസ്. രോഗം ലബോറട്ടറിക്കുള്ളിൽ തന്നെ പടർന്നിരിക്കാമെന്ന ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. റഷ്യൻ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎസ് സ്ഥിതിഗതികൾ വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെടുന്നതിന് മുമ്പ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൂബിയോ.

റഷ്യൻ അധികൃതർ നൽകിയ വിവരമനുസരിച്ച് ഒരു ലബോറട്ടറി ജീവനക്കാരന് അണുബാധയുണ്ടായെന്നും അത് സ്ഥാപനത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പടർന്നിരിക്കാമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ക്വാറന്റീൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റൂബിയോ സൂചിപ്പിച്ചു. എന്നാൽ എത്രപേരെ ബാധിച്ചുവെന്നോ സ്ഥാപനത്തിനുള്ളിൽ രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ടോ എന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. അമേരിക്കയും റഷ്യയും തമ്മിലുള്ള യാത്ര നിലവിൽ പരിമിതമാണെങ്കിലും രോഗം പ്രാഥമിക സാഹചര്യത്തിൽനിന്ന് പുറത്തേക്ക് പടർന്നാൽ അതിവേഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും റൂബിയോ മുന്നറിയിപ്പ് നൽകി.

റഷ്യയിലെ ഇർക്കുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറി ജീവനക്കാരി അജ്ഞാത കാരണത്തിലുള്ള ന്യൂമോണിയയെ തുടർന്ന് മരിച്ചതിന് പിന്നാലെയാണ് ആശങ്ക ഉയർന്നത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ ക്വാറന്റീനിലാക്കുകയും മെഡിക്കൽ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. മരണകാരണം പ്ലേഗാണെന്ന് റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ന്യൂമോണിക് പ്ലേഗ് ബാധിച്ചിരിക്കാമെന്ന സാധ്യത റിപ്പോർട്ടുകൾ ഉയർത്തിയിട്ടുണ്ട്. ലബോറട്ടറിയിൽ നടന്ന ഏതെങ്കിലും സംഭവത്തിലൂടെ പ്ലേഗ് ബാക്ടീരിയയുമായി ജീവനക്കാരി സമ്പർക്കത്തിലായിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

എന്നാൽ അപകടകരമായ രോഗാണുക്കളുമായി ബന്ധപ്പെട്ട് ലബോറട്ടറിയിൽ അപകടമുണ്ടായതിന് തെളിവില്ലെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. ജീവനക്കാരിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് ജീവനക്കാർക്കിടയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, മരിച്ച ജീവനക്കാരിക്ക് ന്യൂമോണിക് പ്ലേഗ് തന്നെയായിരുന്നുവെന്നോ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകർന്നുവെന്നോ ഇതുവരെ സ്ഥിരീകരണമില്ല.

Russia plague scare puts US on watch as Rubio flags possible internal spread

More Stories from this section

family-dental
witywide