യുക്രൈൻ യുദ്ധം: പുടിനുമായി കൂടിക്കാഴ്ച നടത്തി വിറ്റ്കോഫും കുഷ്നറും

മോസ്‌കോ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രത്യേക ദൂതൻമാരായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മൂന്ന് മണിക്കൂർ ചർച്ച നടത്തി. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിൻ അറിയിച്ചു.

ചർച്ച “കാര്യമായതും ക്രിയാത്മകവും അസാധാരണമായ രീതിയിൽ തുറന്നതും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷത്തിലുമായിരുന്നു” എന്ന് ക്രെംലിൻ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.യുക്രൈനിലെ സൈനിക നടപടിക്കിടെ രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് റഷ്യൻ ഭാഗം വ്യക്തവും സമഗ്രവുമായ വിലയിരുത്തലുകൾ ആയുഎസ് പ്രതിനിധികൾക്ക് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ നിന്നുള്ള വെടിനിർത്തൽ നിർദേശവുമായി ബന്ധപ്പെട്ടാണ് വിറ്റ്കോഫും കുഷ്നറും റഷ്യയിലെത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ ഉദ്യോഗസ്ഥരും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പുതിയ നിർദേശം നേരത്തേ നൽകിയതിൽനിന്ന് കാര്യമായി വ്യത്യസ്തമാണോ എന്നത് വ്യക്തമല്ല.യുക്രൈനിലെ പ്രദേശങ്ങൾ സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങളിൽ മാറ്റമില്ലെന്ന് പുടിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ യുക്രൈൻ തയ്യാറല്ല.

വിറ്റ്കോഫും കുഷ്നറും ഞായറാഴ്ച യുക്രൈൻ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രതിനിധികളുമായി ചർച്ചകൾ തുടരുമെന്നും യുക്രൈൻ യുദ്ധത്തിന് രാഷ്ട്രീയ-നയതന്ത്ര പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരാനാണ് റഷ്യയുടെ താൽപര്യമെന്നും ക്രെംലിൻ വ്യക്തമാക്കി. പുടിനുമായി നേരിട്ട് നടത്തിയ ചർച്ചയിൽ ലഭിച്ച വിലയിരുത്തലുകളും നിർദേശങ്ങളും കീവിലെ കൂടിക്കാഴ്ചയിൽ യുഎസ് പ്രതിനിധികൾ പങ്കുവെക്കുമെന്നും അറിയിച്ചു.

അതേസമയം, വിറ്റ്കോഫും കുഷ്നറും ഈ വാരാന്ത്യത്തിൽ യുക്രൈൻ സന്ദർശിക്കുന്നതിനിടെ മോസ്കോയ്ക്ക് നേരെ ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് ആക്രമണം നടത്തില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യയും സമാനമായ രീതിയിൽ ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയ്ക്ക് മുമ്പ് പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശംസകളും നന്ദിയും അറിയിച്ചതായി ക്രെംലിൻ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. ചർച്ചകളിൽ പരിഹരിക്കേണ്ട സാഹചര്യം “സങ്കീർണമാണെന്നും” പുടിൻ വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റഷ്യൻ പ്രസിഡന്റിന്റെ നിക്ഷേപ-സാമ്പത്തിക സഹകരണ പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രിയേവ്, വിറ്റ്കോഫിനും കുഷ്നറിനുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. യുഎസ് സർക്കാർ വിമാനത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങൾക്ക് “പ്രധാനപ്പെട്ട സമാധാന ദൗത്യ സന്ദർശനം” എന്നായിരുന്നു അദ്ദേഹം നൽകിയ കുറിപ്പ്.

Russian President Vladimir Putin spoke with U.S. special envoys Steve Witkoff and Jared Kushner for three hours Saturday about the war with Ukraine, according to the Kremlin

More Stories from this section

family-dental
witywide