വാഷിങ്ടൺ: മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ യുഎസ് ജോയിന്റ് സ്റ്റാഫിലെ 50 ഓളം ഉദ്യോഗസ്ഥർക്ക് പോളിഗ്രാഫ് പരിശോധന നടത്തിയതായി റിപ്പോർട്ട്. ദീർഘദൂര മിസൈലുകളും പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ തുടർന്നാണ് അന്വേഷണം.
ഓഗസ്റ്റിലാണ് ജോയിന്റ് സ്റ്റാഫിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്തു. നിർണായക ആയുധങ്ങളുടെ ക്ഷാമം സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു നടപടി. സൈനിക ഉദ്യോഗസ്ഥരോ സിവിലിയൻ ജീവനക്കാരോ രഹസ്യവിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് കൈമാറിയോയെന്ന് കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ആയുധശേഖരത്തിലെ കുറവ് സംബന്ധിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
വേനൽക്കാലത്തും നിരവധി ഉദ്യോഗസ്ഥർക്ക് സമാന പരിശോധന നടത്തിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ് സെൻട്രൽ കമാൻഡിലെയും മറ്റ് സൈനിക കമാൻഡുകളിലെയും ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെട്ടിരുന്നു.
അത്യന്തം രഹസ്യവിവരങ്ങളിലേക്ക് പ്രവേശനമുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതി പുതുക്കുന്നതിനായി ഏതാനും വർഷം കൂടുമ്പോൾ പോളിഗ്രാഫ് പരിശോധന നടത്തുന്നത് യുഎസിൽ പതിവാണ്. എന്നാൽ ഇത്തവണ പരിശോധനയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം അസാധാരണമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യവിവര ചോർച്ചയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത രോഷത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. രഹസ്യ ആയുധവിവരങ്ങൾ കൈകാര്യം ചെയ്യാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും, ഇവരിൽ ആരെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജൻസിക്കായി പ്രവർത്തിക്കുന്നുണ്ടോയെന്ന ആശങ്ക ഉയർന്നതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.എന്നാൽ എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും പരിശോധന നടത്തിയില്ല. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയിൻ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനായിട്ടില്ലെന്ന് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, ആഭ്യന്തര ജീവനക്കാരുമായോ അന്വേഷണങ്ങളുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കില്ലെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളുടെ ചോർച്ചയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ചോർച്ചയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കുന്നതിനായി പെന്റഗണും നീതിന്യായ വകുപ്പും സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ജൂലൈയിൽ അറിയിച്ചിരുന്നു. രഹസ്യവിവരങ്ങൾ ചോരുന്നത് മനുഷ്യജീവന് തന്നെ അപകടമാണെന്നും ഹെഗ്സെത്ത് പറഞ്ഞു.
ഏറ്റവും പുതിയ പോളിഗ്രാഫ് പരിശോധനയിൽ എഫ്ബിഐ പങ്കെടുത്തിട്ടില്ല. അന്വേഷണം യുഎസ് സൈന്യം തന്നെയാണ് നടത്തിയത്. അതേസമയം, പോളിഗ്രാഫ് പരിശോധനയുടെ ഉപയോഗത്തിന് ഫെഡറൽ നിയമങ്ങളും പെന്റഗൺ ചട്ടങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില അന്വേഷണ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സമ്മതം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്.
US government investigators subjected roughly 50 members of the Joint Staff to polygraph tests over leaks to journalists. The investigation centred on leaks about dwindling US stocks of advanced weapons, according to reports.










