
ഡൽഹി: ശബരിമല തീർഥാടകർക്ക് വിമാനത്തിന്റെ ക്യാബിനിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ഭക്തർക്ക് ഈ സൗകര്യം അനുവദിക്കുന്നത്. ഭക്തരുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്നും, തീർഥാടനം സുഗമമാക്കുന്നതിനായി ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയതായും മന്ത്രി എക്സിൽ പങ്കുവച്ച ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം, ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതൽ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയ ഇന്നലെ രാത്രി 12 മണിവരെ 60,635 തീർഥാടകരാണ് മലചവിട്ടിയത്. ഇന്ന് വൈകുന്നേരം നാല് മണിവരെ 46,000 പേർ സന്നിധാനത്തെത്തിയിട്ടുണ്ട്.
എന്നാൽ വെർച്വൽ ക്യൂ ബുക്കിങ്ങും നേരിട്ടെത്തുന്ന തീർഥാടകരുടെ എണ്ണവും തമ്മിലുള്ള അന്തരത്തിൽ അന്വേഷണം തുടരുകയാണ്. നട തുറന്ന ആദ്യ ദിവസങ്ങളിൽ ബുക്ക് ചെയ്തതിൽ പകുതിയോളം പേർ ദർശനത്തിന് എത്താതിരുന്ന സാഹചര്യത്തിൽ ഏജന്റുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടനത്തിന് എത്താൻ ഭക്തർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു.
Centre Allows Irumudikkettu in Flight Cabins for Third Consecutive Year; Pilgrim Rush Surges at Sabarimala














