സൈജൻ കണിയോടിക്കലിന് ഫോമാ ‘ലിറ്റററി എക്സലൻസ് അവാർഡ്’

അലൻ ചെന്നിത്തല

ഹൂസ്റ്റൺ: ഫോമാ (Federation of Malayalee Associations of Americas – FOMAA) സാഹിത്യരംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്ന “FOMAA Literary Excellence Award” സൈജൻ കണിയോടിക്കലിന് സമ്മാനിച്ചു. ഫോമായുടെ ഔദ്യോഗിക ത്രൈമാസ സാഹിത്യ പ്രസിദ്ധീകരണമായ ‘അക്ഷരകേരളം’ അതിൻ്റെ ആരംഭം മുതൽ കഴിഞ്ഞ ആറു വർഷമായി വിജയകരമായി നയിക്കുകയും പ്രവാസി മലയാള സാഹിത്യത്തിന് ശക്തമായ വേദി ഒരുക്കുകയും ചെയ്തതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.

2020-ൽ ആരംഭിച്ച അക്ഷരകേരളം, വളരെ ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ സാഹിത്യ പ്രസിദ്ധീകരണമായി വളർന്നു. പ്രവാസി എഴുത്തുകാരുടെ സൃഷ്ടികൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം കേരളത്തിലെ പ്രമുഖ സാഹിത്യകാരുടെയും ചിന്തകരുടെയും രചനകൾക്കും പ്രസിദ്ധീകരണത്തിൽ ഇടംനൽകി, ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള മലയാള സാഹിത്യലോകത്തെ ഒരേ വേദിയിൽ കൂട്ടിയിണക്കുന്നതിൽ അക്ഷരകേരളം നിർണായക പങ്കുവഹിച്ചു.

ആറുവർഷമായി മാനേജിങ് എഡിറ്റർ എന്ന നിലയിൽ സൈജൻ കണിയോടിക്കലിനോടൊപ്പം തമ്പി ആൻ്റണി ചീഫ് എഡിറ്ററായും, പ്രിയ ഉണ്ണികൃഷ്ണൻ അസിസ്റ്റൻ്റ് എഡിറ്ററായും, സണ്ണി കല്ലൂപ്പാറ കണ്ടൻ്റ് എഡിറ്ററായും, ദേവപ്രകാശ് ചീഫ് ഇല്ലസ്റ്റേറ്ററായും പ്രവർത്തിക്കുന്നു. ഈ കഴിഞ്ഞകാലഘട്ടങ്ങളിൽ സാഹിത്യം, കല, സംസ്കാരം, ചരിത്രം, സാമൂഹിക ചിന്തകൾ, പ്രവാസജീവിതം, യുവതലമുറയുടെ സർഗാത്മക ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന നിലവാരമുള്ള പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ അക്ഷരകേരളത്തിന് സാധിച്ചു. പുതിയ എഴുത്തുകാർക്ക് അവസരം നൽകുക, യുവസാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, പ്രവാസി മലയാളികളുടെ അനുഭവങ്ങൾ സാഹിത്യരൂപത്തിൽ രേഖപ്പെടുത്തുക എന്നീ മേഖലകളിലും പ്രസിദ്ധീകരണം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

ഡിജിറ്റൽ യുഗത്തിൻ്റെ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് അക്ഷരകേരളത്തെ എത്തിക്കുന്നതിലും സൈജൻ കണിയോടിക്കലിൻ്റെ നേതൃത്വത്തിന് പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിൻ്റെ ഗുണനിലവാരം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം പുതിയ ആശയങ്ങൾക്കും സൃഷ്ടിപരമായ പരീക്ഷണങ്ങൾക്കും പ്രാധാന്യം നൽകിയ സമീപനമാണ് അക്ഷരകേരളത്തെ പ്രവാസി മലയാളികളുടെ വിശ്വാസ്യതയുള്ള സാഹിത്യ പ്രസിദ്ധീകരണമായി ഉയർത്തിയത്.

ഫോമാ കൺവെൻഷനോടനുബന്ധിച്ച് നടന്ന പുരസ്കാരദാന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് FOMAA Literary Excellence Award സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ സൈജൻ കണിയോടിക്കൽ, ഈ ബഹുമതി തന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും, കഴിഞ്ഞ ആറുവർഷമായി അക്ഷരകേരളത്തിന്റെ വളർച്ചയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ച എഡിറ്റോറിയൽ ടീമിൻ്റെയും, എഴുത്തുകാരുടെയും, കവികളുടെയും, കലാകാരന്മാരുടെയും, വായനക്കാരുടെയും, ഫോമാ നേതൃത്വത്തിൻ്റെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും പറഞ്ഞു.

പ്രവാസി മലയാള സാഹിത്യത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകിയ അക്ഷരകേരളത്തിൻ്റെ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. അക്ഷരകേരളത്തിൻ്റെ എല്ലാ എഡിഷനുകളും സൗജന്യമായി ലിറ്റററി ഓൺലൈൻ പ്ലാറ്റ്ഫോമായ ‘മാഗ്സ്റ്ററിൽ’ ലോകത്തെവിടെയും ലഭ്യമാണ്.

പ്രവാസി മലയാളികളുടെ സാഹിത്യ-സാംസ്കാരിക മേഖലയിൽ തുടർച്ചയായി ഗുണമേന്മയുള്ള സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുള്ള അംഗീകാരമായി ഈ വർഷത്തെ FOMAA Literary Excellence Award സൈജൻ കണിയോടിക്കലിന് സമ്മാനിച്ചത് കൺവെൻഷനിലെ ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായി മാറി.

Saijan Kaniotikkal wins Foma Literary Excellence Award

More Stories from this section

family-dental
witywide