250 ദിവസത്തിലേറെയായി കടലിൽ; യുഎസ് യുദ്ധക്കപ്പലിലെ നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: യുഎസ് വിമാനവാഹിനിക്കപ്പൽ USS എബ്രഹാം ലിങ്കണിലെ 5,000ത്തിലധികം നാവികരും മറീനുകളും തുടർച്ചയായി 250 ദിവസത്തിലേറെയായി കടലിൽ. ആധുനിക കാലഘട്ടത്തിൽ ഒരു യുഎസ് വിമാനവാഹിനിക്കപ്പൽ തുറമുഖത്ത് എത്താതെ കടലിൽ ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്. ഇതിനിടെ കപ്പലിലെ ഒന്നിലധികം നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നാവികരുടെ കുടുംബങ്ങൾ മനോവീര്യം തകർന്നുവരുന്നതായും മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുന്നതായും യുഎസ് നിയമനിർമാതാക്കളെ അറിയിച്ചു.

ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് ലിങ്കണിന്റെ സൈനിക വിന്യാസം തുടർച്ചയായി നീട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. മാസങ്ങളോളം കപ്പലിനുള്ളിൽ കഴിയേണ്ടിവരുന്നത്, നിരന്തരമായ ചലനം, ഉറക്കത്തിലെ തടസ്സം, ഏകാന്തത എന്നിവ നാവികരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. 2025 നവംബർ 21നാണ് ലിങ്കൺ സാൻ ഡിയാഗോയിൽ നിന്ന് പുറപ്പെട്ടത്. ആദ്യം പസഫിക് മേഖലയിലേക്കായിരുന്നു യാത്ര. എന്നാൽ ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പലിനെ പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മേയിൽ അവസാനിക്കേണ്ടിയിരുന്ന വിന്യാസം പിന്നീട് പലതവണ നീട്ടി. ഇതിനിടെ കപ്പൽ ജീവനക്കാർക്ക് കരയിൽ ഇറങ്ങാൻ ലഭിച്ചത് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാൻ ഡിയാഗോയിൽ കഴിഞ്ഞ ആഴ്ച നടന്ന ടൗൺഹാൾ യോഗത്തിൽ ഏകദേശം 200 നാവികരുടെ കുടുംബാംഗങ്ങൾ നാവികസേനാ ഉദ്യോഗസ്ഥരെ നേരിട്ട് ചോദ്യം ചെയ്തു. ദീർഘകാല വിന്യാസം കുടുംബങ്ങളിലും നാവികരിലും ഉണ്ടാക്കുന്ന മാനസിക സമ്മർദത്തെക്കുറിച്ച് യോഗത്തിൽ ശക്തമായ ആശങ്കകൾ ഉയർന്നു. കപ്പലിലെ നാവികനായ ഒരാളുടെ ഭാര്യയായ അന്നബെൽ ലോമയുടെ ഭർത്താവ് വിന്യാസം നീട്ടിയതിന് പിന്നാലെ കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായി നേവി ടൈംസ് റിപ്പോർട്ട് ചെയ്തു. മറ്റൊരു നാവികന്റെ ഭാര്യ പറഞ്ഞത്, ഭർത്താവ് ഒരു സഹനാവികൻ കപ്പലിന്റെ വശത്തുകൂടി കടലിലേക്ക് ചാടുന്നത് ശാരീരികമായി തടഞ്ഞുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്.

കപ്പലിലെ അടിസ്ഥാന സാധനങ്ങളുടെ ക്ഷാമം, മലിനമായ വെള്ളം, പ്ലംബിങ് പ്രശ്നങ്ങൾ, മോശമാകുന്ന മാനസികാരോഗ്യം, ഡെക്ക് സുരക്ഷാ പ്രശ്നങ്ങൾ, തപാൽ സംവിധാനത്തിലെ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കണക്റ്റിക്കട്ടിലെ ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൾ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തയച്ചു. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം മൈക്ക് ലെവിൻ കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പൂപ്പൽ പിടിച്ച ഷവറുകൾ, തകരാറിലായ ടോയ്‌ലറ്റുകൾ, ആഴ്ചകളായി പ്രവർത്തിക്കാത്ത അലക്കുസംവിധാനം, ദീർഘനേരം ചൂടുവെള്ളമില്ലാത്ത അവസ്ഥ, പരിമിതമായ ഭക്ഷണം, സോപ്പ്, ഡിയോഡറന്റ്, ടൂത്ത്‌പേസ്റ്റ് എന്നിവയുടെ ക്ഷാമം എന്നിവയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, നാവികരുടെ മാനസികാരോഗ്യവും ക്ഷേമവും നിരന്തരം വിലയിരുത്തുന്നുണ്ടെന്നും കപ്പലിൽ കൗൺസിലർമാർ, ചാപ്ലെയിൻമാർ, മെഡിക്കൽ വിദഗ്ധർ തുടങ്ങിയവരുടെ സേവനം ലഭ്യമാണെന്നും യുഎസ് നാവികസേന അറിയിച്ചു. നിലവിലെ വിന്യാസത്തിനിടെ എത്ര നാവികർ കടലിലേക്ക് ചാടാനോ സ്വയം പരിക്കേൽപ്പിക്കാനോ ശ്രമിച്ചുവെന്ന കൃത്യമായ കണക്ക് നാവികസേന പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, ദീർഘകാല വിന്യാസം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി USS എബ്രഹാം ലിങ്കണിന് പകരം USS ജോർജ് വാഷിങ്ടണിനെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാനുള്ള നീക്കവും നടക്കുകയാണ്.

Sailors ‘tried to jump off’ US warship: What Homer knew and science now explains about being at sea for long

More Stories from this section

family-dental
witywide