കേരള സമാജത്തെ നയിക്കാൻ ജനകീയ മുഖമായ സാജൻ കുര്യൻ

സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ നയിക്കാൻ സാജൻ കുര്യൻ. നാല് പതിറ്റാണ്ടിലേറെയായി സൗത്ത് ഫ്ലോറിഡ മലയാളി സമൂഹത്തിൻ്റെ മേൽവിലാസമാണ് കേരള സമാജം. അതിൻ്റെ 2028 വർഷത്തെ പ്രസിഡൻ്റായി ജനകീയനായ സാജൻ കുര്യൻ കടന്ന് വരുന്നു.

രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സാജൻ കുര്യൻ കേരള സമാജം മുൻ പ്രസിഡന്റുമാരുടെയും, ഭാരവാഹികളുടെയും അംഗങ്ങളുടെയും പരിപൂർണ്ണ പിന്തുണയോടെയാണ് സംഘടനയെ നയിക്കാൻ കടന്നു വരുന്നത്. കേരള സമാജത്തിന് കാലാനുസൃതമായ പ്രവർത്തന വീഥിയൊരുക്കാൻ സാജൻ കുര്യന് സാധ്യമാകുമെന്ന ഉറപ്പുണ്ട്.

നിസ്വാർത്ഥമായ സാമൂഹിക സേവനവുമായി ഫ്ളോറിഡയിലെ ഏതു മലയാളിക്കും ഒരു വിളിപ്പാട് അകലെ എപ്പോഴുമുള്ള വ്യക്തിയാണ് സാജൻ കുര്യൻ. ഒന്നര പതിറ്റാണ്ടായി കേരളസമാജത്തിന്റെ അഭിമാന പദ്ധതികളുടെ നടത്തിപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സാജൻ കുര്യൻ, 2012-ൽ ഗാന്ധിപ്രതിമാ പ്രതിഷ്ഠയുടെ നിർമ്മാണം കേരളസമാജം ഏറ്റെടുത്തപ്പോൾ അതിന് മുൻനിരയിൽ പ്രവർത്തിച്ച് ആ സ്വപ്നസാക്ഷാത്ക്കാരം നടപ്പിലാക്കിയതിൽ മുഖ്യ പങ്കാളിയായിരുന്നു. സൗത്ത് ഫ്ലോറിഡ മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയ ഗാന്ധിസ്ക്വയർ നമ്മുടെ അഭിമാനമാണ്.

2012 ലും 2013ലും കേരളസമാജം ഇൻഡ്യാ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോൾ അതിനായുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് വിജയപഥത്തിൽ എത്തിച്ചത് സാജൻ കുര്യൻ്റെ കഴിവിൻ്റെ തെളിവാണ്. കേരളസമാജം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്ന നിലയിലാണ് സാജൻ അന്ന് ചുമതലകൾ നിർവ്വഹിച്ചത്. ദുരിതവും, വേദനയും അനുഭവിക്കുന്ന വേളകളിൽ ഏത് ഫ്ളോറിഡ മലയാളിക്കും കൈത്താങ്ങായി സാജൻ കുര്യൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.

ജന്മനാട്ടിൽ നിന്ന് അകലെ അമേരിക്കയിൽ വച്ച് ജീവൻ നഷ്ടമാകുന്ന പ്രിയപ്പെട്ടവരെ നാട്ടിലെത്തിക്കുക എന്നത് ശ്രമകരമായ പ്രവർത്തിയാണ്. അതിനായി കോൺസുലേറ്റുകൾ, എംബസികൾ, പൊലീസ്, നാട്ടിലെ ജനപ്രതിനിധികൾ എന്നിവരെ രാപകൽ ഭേദമെന്യേ ബന്ധപ്പെട്ട് സഹായം നൽകാൻ പ്രതിജ്ഞാബദ്ധനായി സാജൻ പ്രവർത്തിച്ചു വരുന്നു. പാസ്പോർട്ട് നഷ്ടപ്പെട്ടവർ, എമർജൻസി വിസ ആവശ്യമുള്ളവർ, കുടിയേറ്റ സംബന്ധമായ വിഷയങ്ങളിൽ ജയിലിൽ അകപ്പെട്ടവർ തുടങ്ങിയവരെ തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സഹായിക്കുന്ന സാജൻ എപ്പോഴും മലയാളികൾക്ക് ആശ്രയവും ആശ്വാസവും പ്രതീക്ഷയുമാണ്. ഇത്തരത്തിലുള്ള ഒരു വ്യക്തി തന്നെ കേരള സമാജത്തിൻ്റെ സാരഥിയായി എന്നാണ് ജനഹിതം . അവരുടെ സ്‌നേഹപൂർവമായ അഭ്യർത്ഥന മാനിച്ചാണ് സാജൻ ഈ സ്ഥാനത്തേക്ക് കടന്നുവരുന്നത്. രാപകൽ ഭേദമന്യേ എപ്പോഴും സഹായത്തിനായി ഒരു കേരള സമാജത്തിന്റെ നേതൃത്വം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

More Stories from this section

family-dental
witywide