
വാഷിംഗ്ടൺ: ഇറാൻ സംഘർഷത്തിനിടെ കുവൈത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് അമേരിക്കൻ സൈനികരുടെ കുടുംബങ്ങൾ പെന്റഗണിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരെ അതൃപ്തി രേഖപ്പെടുത്തി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി മാർച്ച് ഒന്നിന് കുവൈത്തിലെ പോർട്ട് ഷുവൈബയിലെ കമാൻഡ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് യുഎസ് ആർമി റിസർവിലെ ആറ് സൈനികർ കൊല്ലപ്പെട്ടത്. ആക്രമണം തടയുന്നതിൽ സൈന്യത്തിനുണ്ടായ സുരക്ഷാ വീഴ്ചകളെയും മുന്നൊരുക്കങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്ക് അന്വേഷണ റിപ്പോർട്ട് മറുപടി നൽകുന്നില്ലെന്ന് കുടുംബാംഗങ്ങൾ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
ഔദ്യോഗിക റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങൾക്കായി പുറത്തുവിട്ടിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണ് പെന്റഗൺ നൽകുന്ന സൂചന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് ആർമി സെൻട്രലിന്റെ ഡെപ്യൂട്ടി കമാൻഡറായ ബ്രിഗേഡിയർ ജനറൽ പീറ്റർ ഗ്ലാസിന്റെ നേതൃത്വത്തിൽ കുറഞ്ഞത് മൂന്ന് സൈനികരുടെ കുടുംബങ്ങളുമായി ഉദ്യോഗസ്ഥർ നേരിട്ട് കൂടിക്കാഴ്ച നടത്തി അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ മൂന്ന് മണിക്കൂറോളം നീണ്ട വിശദീകരണത്തിനുശേഷവും തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും റിപ്പോർട്ട് നിരാശപ്പെടുത്തിയെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ആക്രമണത്തിന് ആഴ്ചകൾക്കുമുൻപ് തന്നെ ഡ്രോൺ ഭീഷണിയെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നെങ്കിലും സൈനിക കമാൻഡർമാർ അവഗണിച്ചുവെന്ന് സിബിഎസ് ന്യൂസിന്റെ എട്ടുമാസം നീണ്ട അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇറാന്റെ പ്രധാന ആയുധങ്ങളിലൊന്നായ ചാവേർ ഡ്രോണുകളെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ കമാൻഡ് പോസ്റ്റിൽ ഒരുക്കിയിരുന്നില്ലെന്ന് ദൃക്സാക്ഷികളും വെളിപ്പെടുത്തിയിരുന്നു. പ്രദേശം ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുദ്ധത്തിന് മുൻപുതന്നെ യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സൈനികർ ആരോപിച്ചിരുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളോ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികളോ അവിടെ ഉണ്ടായിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ വീഴ്ചകളെക്കുറിച്ച് പുതിയ റിപ്പോർട്ടിൽ കാര്യമായ പരാമർശങ്ങളില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.
ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട യുഎസ് സൈനികൻ മേജർ സ്റ്റീഫൻ റാംസ്ബോട്ടം കഴിഞ്ഞ ദിവസം കോൺഗ്രസിന് നൽകിയ വിസിൽബ്ലോവർ പരാതിയിലും ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡ്രോൺ ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിന് യൂണിറ്റ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ക്ലിന്റ് ബാർൺസ്, ലോജിസ്റ്റിക്സ് മേധാവി മേജർ ജനറൽ ജോൺ ഹിൻസൺ എന്നിവർക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിക്കുന്നതിന് മുൻപ് മറ്റ് ഭൂരിഭാഗം സൈനികരെയും കുവൈത്തിൽനിന്ന് മാറ്റിയിട്ടും ഈ യൂണിറ്റിനെ പോർട്ട് ഷുവൈബയിലേക്ക് മാറ്റിയത് എന്തിനാണെന്ന കുടുംബാംഗങ്ങളുടെ ചോദ്യത്തിനും ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടി നൽകാനായില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട മാസ്റ്റർ സർജന്റ് നിക്കോൾ അമോറിന്റെ ഭർത്താവ് ജോയി അമോർ, കൃത്യമായ രക്ഷാപ്രവർത്തന പദ്ധതി ഉണ്ടായിരുന്നെങ്കിൽ ഭാര്യയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു. എന്നാൽ പരിക്കുകൾ അതീവ ഗുരുതരമായിരുന്നതിനാൽ ഏത് ചികിത്സാ സൗകര്യമുണ്ടായിരുന്നാലും അവരെ രക്ഷിക്കാനാകുമായിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ജൂണിൽ അന്വേഷണം പൂർത്തിയായിട്ടും കണ്ടെത്തലുകൾ കുടുംബങ്ങളുമായി പങ്കുവെക്കാൻ നവംബർ പകുതിവരെ കാത്തിരുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.













