
വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ഇസ്രായേലും ലെബനനും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ചകൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മധ്യസ്ഥതയിൽ രണ്ടാം ദിവസവും തുടരുന്നു. ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുന്ന വർക്കിംഗ് ലെവൽ ചർച്ചകളുടെ ഒന്നാം ഘട്ടം കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഇന്നത്തെ ചർച്ചകളും സമാന രീതിയിൽ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയാണ് ചർച്ചകൾ പുരോഗമിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഹൗസ് ഫോറിൻ അഫയേഴ്സ് ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങൾക്ക് ശേഷമാണ് ലെബനനിലെ ഔദ്യോഗിക ഗവൺമെന്റിന്റെയും ഇസ്രായേൽ ഗവൺമെന്റിന്റെയും ഉന്നത നേതാക്കൾ ഒരു മേശയ്ക്ക് ഇരുപുറവുമായി തുടർച്ചയായ രണ്ടാം ദിവസവും ചർച്ചയിലിരിക്കുന്നതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്നത്തെ ചർച്ചകൾക്ക് ഒടുവിൽ ഇരു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയും കൃത്യമായ കർമ്മപദ്ധതിയും രൂപീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച പെന്റഗണിൽ വെച്ച് ഇരു രാജ്യങ്ങളുടെയും സൈനിക തലത്തിലുള്ള ചർച്ചകൾ നടന്നിരുന്നു.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, അതിർത്തികളിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പരസ്പര ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. യു.എസും ഇറാനും തമ്മിൽ നടക്കാനിരിക്കുന്ന മറ്റ് ചർച്ചകളെ ബാധിച്ചേക്കാവുന്ന തരത്തിലുള്ള ഒരു വലിയ സൈനിക നീക്കം ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാനും ഈ ഇടപെടലിലൂടെ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ 20 വർഷത്തെ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്, ലെബനന്റെ പരമാധികാരം പുനഃസ്ഥാപിക്കുന്നതിനും ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സമഗ്രമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ചരിത്രപരമായ ഈ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കാൻ അമേരിക്ക പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














