
ന്യൂയോർക്ക്: സാങ്കേതികവിദ്യയുടെ വളർച്ച ലോകത്തെ അത്ഭുതപ്പെടുത്തുമ്പോഴും സുരക്ഷ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളുമായി പ്രമുഖ ആഗോള എയർലൈനുകൾ. മനുഷ്യൻ്റെയും വളർത്തുമൃഗങ്ങളുടെയും രൂപത്തിലുള്ള ‘ഹ്യൂമനോയിഡ്’ റോബോട്ടുകളെ വിമാന ക്യാബിനുകളിലോ യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകളിലോ കൊണ്ടുപോകുന്നത് പ്രമുഖ വിമാനക്കമ്പനികൾ വിലക്കി. വിമാന സർവീസുകളുടെ സുരക്ഷയ്ക്ക് ഇവ വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഈ വർഷം ആദ്യം സൗത്ത്‌വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ ഒരു യാത്രക്കാരൻ റോബോട്ടുമായി യാത്ര ചെയ്തത് വലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് മെയ് മാസത്തിൽ സൗത്ത്‌വെസ്റ്റ് എയർലൈൻസ് ഇത്തരം റോബോട്ടുകൾക്ക് ആദ്യമായി വിലക്കേർപ്പെടുത്തി. തൊട്ടുപിന്നാലെ ജൂണിൽ ഡെൽറ്റ എയർ ലൈൻസും ജൂലൈ മുതൽ യുണൈറ്റഡ് എയർലൈൻസും സമാനമായ നിരോധനം പ്രഖ്യാപിച്ചു. ഭാവിയിൽ ഇത്തരം റോബോട്ടുകൾ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ഈ നയമെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.
വിലക്കിന് പിന്നിലെ കാരണം ‘ലിഥിയം ബാറ്ററികൾ’
റോബോട്ടുകളുടെ വലിപ്പമല്ല, മറിച്ച് അവയ്ക്ക് ഊർജ്ജം നൽകുന്ന ഭാരമേറിയ ലിഥിയം-അയൺ ബാറ്ററികളാണ് എയർലൈനുകളെ ആശങ്കപ്പെടുത്തുന്നത്. വിമാനങ്ങളിൽ നിലവിൽ നിരോധിച്ചിട്ടുള്ള ഉയർന്ന വാട്ട്-അവർ ശേഷിയുള്ള ബാറ്ററികളാണ് ഇവയിലുള്ളത്. ഇത്തരം ബാറ്ററികൾ പൊട്ടിത്തെറിക്കാനോ, അശ്രദ്ധമായി കൈകാര്യം ചെയ്താൽ വിമാനത്തിനുള്ളിൽ വൻ തീപിടുത്തമുണ്ടാക്കാനോ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ലബോറട്ടറികൾക്കും വൻകിട ഫാക്ടറികൾക്കും പുറത്ത് ഇവ അപൂർവ്വമാണെങ്കിലും, ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ ഭാവിയിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ സർവ്വസാധാരണമാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഇത് മുന്നിൽക്കണ്ടാണ് എയർലൈനുകളുടെ മുൻകൂർ നടപടി. അതേസമയം, ജെറ്റ്ബ്ലൂ, അമേരിക്കൻ എയർലൈൻസ് എന്നിവ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല.
എയർലൈനുകളുടെ സുരക്ഷാ മുൻകരുതലുകളെ സ്വാഗതം ചെയ്യുമ്പോഴും, ഈ നിരോധനം തങ്ങളുടെ ഗവേഷണങ്ങളെ ബാധിക്കുമെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നു. വിവിധ പ്രദർശനങ്ങൾക്കായും ശാസ്ത്രീയ പരീക്ഷണങ്ങൾക്കായും റോബോട്ടുകളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടി വരാറുണ്ടെന്നും, പുതിയ നിയന്ത്രണങ്ങൾ ഇതിന് തടസ്സമാകുമെന്നും നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് പ്രൊഫസർ രവീന്ദർ ദഹിയ പ്രതികരിച്ചു.
Security threat: Major airlines ban humanoid robots on flights















