
കാരക്കാസ് : വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ മിറാഫ്ലോറസ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം തിങ്കളാഴ്ച രാത്രി ശക്തമായ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
കൊട്ടാരത്തിന് മുകളിൽ അജ്ഞാത ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം ഒരു മിനിറ്റോളം നീണ്ടുനിന്ന വെടിയൊച്ചകൾ കേട്ടതായും ആകാശത്തേക്ക് വെടിയുണ്ടകൾ പായുന്നത് കണ്ടതായും പ്രദേശവാസികളും റിപ്പോർട്ട് ചെയ്തു. ആന്റി-എയർക്രാഫ്റ്റ് തോക്കുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കൊട്ടാരത്തിന് ചുറ്റും സുരക്ഷാ സേനയെ വൻതോതിൽ വിന്യസിച്ചു. വെനിസ്വേലൻ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം കഴിഞ്ഞ ശനിയാഴ്ച പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Security tightened after unidentified drones and gunfire near Venezuelan presidential palace













