
ടെഹ്‌റാൻ: കടൽമാർഗ്ഗമുള്ള വ്യാപാരത്തിന് അമേരിക്ക സൈനിക ഉപരോധം ഏർപ്പെടുത്തിയാൽ ഇറാനിയൻ സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സൈനിക ഉപരോധം ശക്തമാകുമ്പോൾ, എണ്ണയും വാതകവും പുറത്തെത്തിക്കാൻ ഇറാനു കരമാർഗ്ഗമുള്ള മറ്റ് ഓപ്ഷനുകൾ ഉണ്ടോ?
ഉപരോധം മറികടക്കാൻ പ്രധാനമായും മൂന്ന് വഴികളാണ് ഇറാൻ മുന്നിലുള്ളത്. അതിൽ ആദ്യത്തേത് പൈപ്പ് ലൈനുകളാണ്. രണ്ടാമത്തേത് കാസ്പിയൻ കടലിലെ ‘നെക്ക’ ഓയിൽ ടെർമിനൽ വഴി എണ്ണ നീക്കം നടത്തുക എന്നതാണ്. മൂന്നാമത്തേത് അതിർത്തി കടന്നുള്ള നീക്കങ്ങളാണ്.
കഴിഞ്ഞ വർഷം ഇറാൻ പ്രതിദിനം ഏകദേശം 1.68 ദശലക്ഷം ബാരൽ എണ്ണ കടൽമാർഗ്ഗം കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് ‘കെപ്ലർ’എന്ന ഡാറ്റാ അനലിറ്റിക്സ് സ്ഥാപനത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനുള്ള വിദേശ പണം ഇതിലൂടെയാണ് ലഭിക്കുന്നത്. ഇന്ധനം ആവശ്യമുള്ള അയൽരാജ്യങ്ങളാൽ ചുറ്റപ്പെട്ടതാണെങ്കിലും, കടൽമാർഗ്ഗമുള്ള അത്രയും വലിയ അളവ് എണ്ണ കരമാർഗ്ഗം കയറ്റുമതി ചെയ്യുക എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇറാഖ്, തുർക്കി, അർമേനിയ എന്നീ രാജ്യങ്ങളിലേക്കുള്ള പൈപ്പ് ലൈനുകൾ വഴി വാതക കയറ്റുമതി വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ കാസ്പിയൻ കടലിലെ ‘നെക്ക’ ഓയിൽ ടെർമിനൽ വഴി എണ്ണ കയറ്റുമതി ചെയ്യാനോ ഇറാൻ ശ്രമിച്ചേക്കാം എന്ന് ബഹ്‌റൈനിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ ഫെല്ലോ ഹസൻ അൽഹാസൻ നേരത്തെ പറഞ്ഞിരുന്നു. “പാകിസ്താനുമായുള്ള നീണ്ട അതിർത്തി വഴി ഇന്ധനക്കടത്ത് വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ മുൻകാലങ്ങളിൽ ചെയ്തതുപോലെ സ്വന്തം എണ്ണ ഇറാഖി എണ്ണയുമായി കലർത്തി ഉപരോധം മറികടക്കാനോ ഇറാൻ ശ്രമിച്ചേക്കാം,”മൂന്നാമത്തെ സാധ്യതയെക്കുറിച്ച് അൽഹാസൻ പറയുന്നു.
വർഷങ്ങളായി നിലനിൽക്കുന്ന ഉപരോധം കാരണം പഴക്കം ചെന്ന തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കാൻ ഇറാൻ ഏറെ കഷ്ടപ്പെടുന്നുണ്ട്. തുർക്കിയിലേക്കുള്ള വാതക കയറ്റുമതി കരാറിലേതിനേക്കാൾ കുറവാണിപ്പോൾ. അർമേനിയയുമായുള്ള ‘വാതകത്തിന് പകരമായി വൈദ്യുതി’ എന്ന വിനിമയമാകട്ടെ ഇറാൻ്റെ ആകെ വാതക വ്യാപാരത്തിൽ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ഹോർമുസ് കടലിടുക്ക് വഴി എണ്ണ വിപണിയിലെത്തിയില്ലെങ്കിൽ ഇറാൻ്റെ സാമ്പത്തിക ചിത്രം ഇരുളടഞ്ഞതാകും. “ഈ ഉപരോധം തുടരുകയും ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുകയും ചെയ്താൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരാൻ സാധ്യത കൂടുതലാണ്,” മുൻ യുഎസ് ട്രഷറി ഉദ്യോഗസ്ഥനും ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് സീനിയർ അഡൈ്വസറുമായ മിയാദ് മലേക്കി ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ, കടൽമാർഗ്ഗമുള്ള വ്യാപാരം തടയപ്പെട്ടാൽ ഇറാൻ്റെ ഭാവി അനിശ്ചിതത്വത്തിലാകും.
What will Iran do if its ports are blockaded? Does Iran have a Plan B? What are the alternative moves?















