ഇറാൻ യുദ്ധത്തെച്ചൊല്ലി മാർപ്പാപ്പയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു; ഇറാൻ ആണവായുധം കൈവശം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ/വത്തിക്കാൻ സിറ്റി: ഇറാൻ യുദ്ധത്തെച്ചൊല്ലി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വത്തിക്കാൻ തലവൻ ലിയോ പതിനാലാമൻ മാർപാപ്പയും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. ടെഹ്‌റാൻ ഒരു ആണവ ബോംബ് കൈവശം വയ്ക്കുന്നത് “അംഗീകരിക്കാനാവില്ല” എന്ന് ട്രംപ് ചൊവ്വാഴ്ച രാത്രി ആവർത്തിച്ചു. ഇറാൻ്റെ നടപടികളെക്കുറിച്ച് പോപ്പിനെ ആരെങ്കിലും ബോധവൽക്കരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

“കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇറാൻ ചുരുങ്ങിയത് 42,000 നിഷ്കളങ്കരും നിരായുധരുമായ പ്രതിഷേധക്കാരെ കൊന്നൊടുക്കിയെന്നും, ഇറാൻ്റെ പക്കൽ ഒരു ആണവ ബോംബ് ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ദയവായി ആരെങ്കിലും പോപ്പ് ലിയോയോട് പറയുമോ?” എന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ട്രംപ് കുറിച്ചു.

വിദേശനയത്തിൻ്റെ കാര്യത്തിൽ ലിയോ മാർപ്പാപ്പ “ഭയങ്കരമാണ്” എന്ന് ഞായറാഴ്ച ആരോപിച്ചുകൊണ്ടാണ് ട്രംപ് വിമർശനം തുടങ്ങിയത്. ഇറാൻ്റെ കാര്യത്തിൽ പോപ്പിന് കൃത്യമായ ധാരണയില്ലെന്നും യുദ്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കേണ്ടതില്ലെന്നും ട്രംപ് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ട്രംപിൻ്റെ വിമർശനങ്ങൾക്ക് അഫ്രിക്കൻ പര്യടനത്തിനിടെ പോപ്പ് ലിയോ ശക്തമായ മറുപടി നൽകിയിരുന്നു. തനിക്ക് ട്രംപ് ഭരണകൂടത്തെ “ഭയമില്ലെന്നും” യുദ്ധത്തിനെതിരായ തൻ്റെ സമാധാന സന്ദേശങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിന് വേണ്ടി നിലകൊള്ളേണ്ടത് തൻ്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്ഥാനിൽ വെച്ച് നടന്ന അമേരിക്ക-ഇറാൻ ചർച്ചകളിൽ ഇറാൻ ആണവായുധം കൈവശം വെക്കരുത് എന്ന ട്രംപിൻ്റെ ഉറച്ച നിലപാട് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ യുദ്ധത്തെ “അനീതിയുള്ള യുദ്ധം” എന്ന് വിശേഷിപ്പിച്ച പോപ്പിൻ്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോയും ട്രംപും തമ്മിലുള്ള ഈ പരസ്യമായ ഏറ്റുമുട്ടൽ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

War of words between Pope and Trump over Iran war intensifies; Trump says Iran’s possession of nuclear weapons unacceptable