
ഇസ്‌ലാമാബാദ്/ടെഹ്‌റാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ യുഎസുമായി നടത്തിയ നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാൻ പ്രതിനിധി സംഘം കടുത്ത വധഭീഷണി നേരിട്ടതായി റിപ്പോർട്ട്. ആക്രമണ സാധ്യത കണക്കിലെടുത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്‌ചിയും സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫും ഉൾപ്പെട്ട സംഘം യാത്രയ്ക്കിടയിൽ വിമാനം മാറുകയും യാത്രാപഥം തിരിച്ചുവിടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇസ്‌ലാമാബാദിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച വിമാനം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് വിമാനം ഇറാനിലെ മഷാദിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഔദ്യോഗിക വിമാനത്തിൽ നിന്നും സംഘം രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറി. തുടർന്ന് മഷാദിൽ നിന്നു ട്രെയിൻ, ബസ്, കാർ എന്നിവ വഴി വ്യത്യസ്ത സംഘങ്ങളായാണ് ഇവർ ടെഹ്‌റാനിലെത്തിയത്. ആണവ പദ്ധതികൾ, ഉപരോധങ്ങൾ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് 21 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകളാണ് ഇസ്‌ലാമാബാദിൽ നടന്നത്. എന്നാൽ ഒരു ധാരണയിലെത്താൻ സാധിക്കാതെ ചർച്ചകൾ അലസിപ്പിരിയുകയായിരുന്നു.
യാത്രയ്ക്കിടെ തങ്ങൾ വലിയ സുരക്ഷാ വെല്ലുവിളി നേരിട്ടതായും അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന രാഷ്ട്രീയ നിരീക്ഷകൻ പ്രൊഫസർ മുഹമ്മദ് മരാണ്ടി സ്ഥിരീകരിച്ചു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയുണ്ടായ ഈ സംഭവം ഇറാൻ-യുഎസ് ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. തങ്ങളെ അപായപ്പെടുത്താൻ നീക്കം നടന്നതായാണ് ഇറാൻ വൃത്തങ്ങൾ വിശ്വസിക്കുന്നത്.
Iran delegation switches planes amid attack threats after failed US talks















