ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് മാർപാപ്പ; വിശ്വാസികളോട് ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തി ലിയോ പതിനാലാമൻ

വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി താൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശേഷം സ്ഥാനമേറ്റ മാർപാപ്പ ലിയോ പതിനാലാമൻ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് മുന്നിൽ ഞായറാഴ്ച നടത്തിയ ആഞ്ചലസ് പ്രാർത്ഥനയ്ക്കിടെയാണ് 71 കാരനായ ലിയോ മാർപാപ്പ ഇക്കാര്യം അറിയിച്ചത്.

സമീപകാലത്തെ ആരോഗ്യ പരിശോധനകൾക്കിടയിലാണ് ശ്വാസകോശത്തിൽ ചെറിയൊരു മുഴ (നൊഡ്യൂൾ) കണ്ടെത്തിയത്. ഇത് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും വ്യക്തമായ അതിരുകളുള്ളതാണെന്നും മാർപാപ്പ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

വരും ദിവസങ്ങളിൽ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒരു ആഴ്ചയോളം അദ്ദേഹത്തിന് ആശുപത്രിയിൽ വിശ്രമം വേണ്ടിവരുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. ഈ ദിവസങ്ങളിൽ വത്തിക്കാന്റെ സാധാരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുമെങ്കിലും മാർപാപ്പയുടെ ഒപ്പ് ആവശ്യമായ തീരുമാനങ്ങൾ താൽക്കാലികമായി മാറ്റിവെക്കും.

കായികസെഷനുകളിലും ടെന്നീസിലും സജീവമായി ഇടപെടാറുള്ള ലിയോ മാർപാപ്പ പൊതുവെ മികച്ച ആരോഗ്യസ്ഥിതിയിലുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ മാർപാപ്പമാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നവംബർ 6 മുതൽ 17 വരെ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള വിപുലമായ യാത്രാ തയ്യാറെടുപ്പുകൾക്കിടയിലാണ് മാർപാപ്പയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനം. മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ ഒപ്പമുണ്ടാകണമെന്ന് വിശ്വാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെയുള്ള പ്രമുഖർ മാർപാപ്പയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide