യുഎസിൽ പണിയില്ലാത്തവർക്ക് ‘പണികിട്ടും’ ; തൊഴിൽ രഹിതർക്ക് ആനുകൂല്യങ്ങൾ ഇനി അത്ര എളുപ്പമാകില്ല; നിയമങ്ങൾ പരിഷ്കരിക്കുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവർക്കായി പുതിയ കർശന നിയമങ്ങൾ നിർദ്ദേശിച്ച് ട്രംപ് ഭരണകൂടം. ഇതനുസരിച്ച് ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിനായി അപേക്ഷകർ ആഴ്ചയിൽ കൂടുതൽ തവണ തൊഴിൽ തെരച്ചിൽ നടത്തേണ്ടി വരും.

തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശപ്രകാരം, വേതനത്തിന് അപേക്ഷിക്കുന്നവരോ നിലവിൽ ആനുകൂല്യം ലഭിക്കുന്നവരോ ആഴ്ചയിൽ കുറഞ്ഞത് അഞ്ച് വ്യത്യസ്ത തൊഴിൽ തെരച്ചിലുകളെങ്കിലും നടത്തിയിരിക്കണം. നിലവിൽ യു.എസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് വരെ തൊഴിൽ തെരച്ചിലുകൾ നടത്തിയാൽ മതിയാകും. നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ അഞ്ച് തെരച്ചിലുകൾ നിർബന്ധമാക്കിയിട്ടുള്ളത്.

രാജ്യവ്യാപകമായി തൊഴിലില്ലായ്മ വേതനത്തിന് ഒരേപോലെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ മാറ്റമെന്ന് ഭരണകൂടം വ്യക്തമാക്കി. ദേശീയതലത്തിൽ ഒരൊറ്റ മാനദണ്ഡം കൊണ്ടുവരുന്നത് പദ്ധതിയുടെ സുതാര്യത വർദ്ധിപ്പിക്കുമെന്നും, ആളുകൾക്ക് തൊഴിൽ വിപണിയുമായുള്ള ബന്ധം ശക്തമാക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ തൊഴിൽ അവകാശ പ്രവർത്തകർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ മാനദണ്ഡം തൊഴിലില്ലാത്തവർക്ക് പാലിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും സംസ്ഥാനങ്ങൾക്ക് ഇത് നടപ്പിലാക്കാൻ വൻ തുക ചിലവഴിക്കേണ്ടി വരുമെന്നും നാഷണൽ എംപ്ലോയ്മെന്റ് ലോ പ്രൊജക്റ്റ് പ്രതിനിധി മിഷേൽ എവർമോർ വ്യക്തമാക്കി.

മിക്ക സംസ്ഥാനങ്ങൾക്കും തങ്ങളുടെ നിലവിലുള്ള അപേക്ഷാ ഫോമുകളിലും സാങ്കേതിക വിദ്യകളിലും മാറ്റം വരുത്തേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പല സംസ്ഥാനങ്ങൾക്കും ഈ നിയമം നടപ്പിലാക്കാൻ തങ്ങളുടെ നിലവിലുള്ള നിയമങ്ങൾ തന്നെ മാറ്റിയെഴുതേണ്ടി വരുമെന്നും മിഷേൽ എവർമോർ ചൂണ്ടിക്കാട്ടി.

പുതിയ നിയമം താൽക്കാലികമായി ചിലവുകൾ വർദ്ധിപ്പിച്ചേക്കാമെന്ന് തൊഴിൽ മന്ത്രാലയവും സമ്മതിക്കുന്നുണ്ട്. എങ്കിലും യു.എസിലുടനീളം അസമത്വങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ ഈ മാറ്റം അത്യാവശ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

ആഴ്ചയിൽ അഞ്ച് തൊഴിൽ തെരച്ചിലുകൾ നടത്തണമെന്ന നിബന്ധന പാലിക്കാൻ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പുറമെ, ജോബ് പ്ലേസ്‌മെന്റ് ഏജൻസിയിലോ യൂണിയനിലോ രജിസ്റ്റർ ചെയ്യുന്നതും യോഗ്യമായ തെരച്ചിലായി കണക്കാക്കും. കൂടാതെ, പ്രാദേശിക തൊഴിൽ വിപണിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് ഒരു ‘പോയിന്റ് അധിഷ്ഠിത സംവിധാനം’ വഴി ഈ നിയമത്തിൽ ഇളവുകൾ വരുത്താനും അനുവാദമുണ്ടാകും.

Setback for the unemployed: Benefits in the U.S. will no longer be as easily accessible; regulations are being revised.

More Stories from this section

family-dental
witywide