അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ടൊലീഡോ നഗരത്തിൽ ശനിയാഴ്ച നടന്ന ഒരു പ്രദേശിക ആഘോഷത്തിനിടെ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ. ടൊലീഡോ പൊലീസ് വകുപ്പിന്റെ വിവരമനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 5:30-ന് ശേഷമാണ് ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവൽ നടക്കുന്ന പ്രദേശത്തിനടുത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ നിരവധി വെടിയേറ്റവരെ കണ്ടെത്തിയതായി അറിയിച്ചു. സംഗീത പരിപാടികളും ഭക്ഷണ വിപണികളും നടക്കുന്ന ഡെലൊവെയർ അവന്യൂ (Delaware Avenue), റോബിൻവുഡ് അവന്യൂ(Robinwood Avenue) എന്നീ തെരുവുകൾക്കിടയിലാണ് വെടിവെപ്പ് നടന്നത്
പരിക്കേറ്റവരിൽ പലരെയും സമീപത്തെ ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റി. എന്നാൽ എത്ര പേർക്ക് പരിക്കേറ്റുവെന്നതും അവരുടെ ആരോഗ്യനിലയും സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസിന്റെ അറിയിപ്പുപ്രകാരം, സംഭവവുമായി ബന്ധപ്പെട്ട പ്രതിയെയോ പ്രതികളെയോ കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. വെടിവെപ്പിന് പിന്നിലെ സാഹചര്യങ്ങളോ ഉദ്ദേശ്യമോ സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉത്സവത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരമനുസരിച്ച്, ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവൽ*. ഈ വർഷം 53-ാം വാർഷികം ആഘോഷിക്കുകയാണ്. ഘോഷയാത്ര, ഭക്ഷ്യമേളകൾ, തത്സമയ സംഗീതപരിപാടികൾ എന്നിവയാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ.
ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ സമൂഹമാധ്യമത്തിൽ കുറിച്ചു.“വേനൽക്കാല ഉത്സവങ്ങൾ കുടുംബങ്ങൾക്ക് ഭയമില്ലാതെ ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിയുന്ന സുരക്ഷിത ഇടങ്ങളായിരിക്കണം. ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിൽ നടന്ന ഈ സംഭവത്തിൽ ബാധിതരായ എല്ലാവർക്കും വേണ്ടി ഞാനും ഫ്രാനും പ്രാർത്ഥിക്കുന്നു. അർഥശൂന്യമായ ഈ കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ നിയമപാലകർ ഉടൻ കണ്ടെത്തുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് എന്ന് ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ സമൂഹമാധ്യമത്തിൽ കുറിച്ചു
Several people were shot Saturday near a neighborhood festival in Toledo, Ohio, authorities said.











