ഹവാന: മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഉന്നത നേതാക്കളുടെ സുരക്ഷാ ചുമതലയുള്ള സൈനിക വിഭാഗത്തിന്റെ 65-ാം വാർഷികാഘോഷ ചടങ്ങിലാണ് 95കാരനായ കാസ്ട്രോ പങ്കെടുത്തത്. പരമ്പരാഗത ഒലീവ് പച്ച സൈനിക യൂണിഫോമിൽ കാസ്ട്രോ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ക്യൂബൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പേരക്കുട്ടിയുമായ റൗൾ ഗില്ലെർമോ റോഡ്രിഗസ് കാസ്ട്രോയും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 13നാണ് കാസ്ട്രോ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ സർക്കാരിലോ നിലവിൽ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത റൗൾ കാസ്ട്രോ പൊതുപരിപാടികളിൽ അപൂർവമായാണ് പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അടുത്തിടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
അതിനിടെ, റൗൾ കാസ്ട്രോയുടെ പേരക്കുട്ടി ഈ വർഷം ആദ്യം അമേരിക്കയുമായി നടന്ന ചർച്ചകളിൽ പങ്കെടുത്തിരുന്നതായും ക്യൂബൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ക്യൂബയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഊർജ, സാമ്പത്തിക ഉപരോധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ. എന്നാൽ പിന്നീട് ചർച്ചകൾ നിലച്ചതായാണ് റിപ്പോർട്ട്.
ചടങ്ങിൽ കാസ്ട്രോ ഉന്നത സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നടക്കുന്നതും മുൻനിരയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചടങ്ങിനിടെ സ്മാരക സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും പങ്കെടുത്തവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനലും ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചു. റൗൾ കാസ്ട്രോയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നത് ബഹുമതിയാണെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം, ക്യൂബയിൽ അമേരിക്കയുടെ ഊർജ ഉപരോധം സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 30 മണിക്കൂറിലേറെ നീണ്ട വൈദ്യുതി മുടക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.
Former Cuban President Raúl Castro appears in public again; attends the 65th-anniversary celebration of the military branch.














