സംഗീതവും ഫുട്ബോളും ഒന്നായ രാവ്; പ്രതിഷേധങ്ങൾക്കിടയിലും ഷക്കീറയുടെ നൃത്തച്ചുവടുകളോടെ 2026 ലോകകപ്പിന് മെക്സിക്കോയിൽ തിരിതെളിഞ്ഞു

മെക്സിക്കോ സിറ്റി: കടുത്ത ആവേശത്തിനും കനത്ത സുരക്ഷാ വെല്ലുവിളികൾക്കും മധ്യേ 2026-ലെ ലോകകപ്പ് ഫുട്ബോളിന് മെക്സിക്കോയിൽ വർണ്ണാഭമായ തുടക്കം. ലോകപ്രശസ്ത സംഗീത താരം ഷക്കീറയുടെ തകർപ്പൻ പ്രകടനവും വൈവിധ്യമാർന്ന നൃത്തച്ചുവടുകളും കൊണ്ട് സമ്പന്നമായ ഉദ്ഘാടനച്ചടങ്ങുകൾക്കാണ് മെക്സിക്കോ സിറ്റിയിലെ ഐതിഹാസികമായ ആസ്ടെക്ക സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 40 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം സ്വന്തം മണ്ണിലെത്തിയ ലോകകപ്പിനെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മെക്സിക്കോ തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് വിജയകരമായ തുടക്കവും കുറിച്ചു.

സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം, കനത്ത സുരക്ഷ

അകത്ത് ഫുട്ബോൾ ലഹരി പടരുമ്പോഴും, സ്റ്റേഡിയത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നു. ടൂർണമെൻ്റ് തടസ്സപ്പെടുത്താൻ ശ്രമിച്ച തീവ്ര പ്രതിഷേധക്കാരെ നേരിടാൻ വലിയ തോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു. മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നതായും, മുഖംമൂടി ധരിച്ച ഇരുനൂറോളം പേർ പൊലീസുമായി ഏറ്റുമുട്ടിയതായും മെക്സിക്കൻ അധികൃതർ സ്ഥിരീകരിച്ചു. സാഹചര്യം പിന്നീട് നിയന്ത്രണവിധേയമാക്കി. ഇതോടൊപ്പം, രാജ്യത്തെ മയക്കുമരുന്ന് മാഫിയയുമായുള്ള യുദ്ധത്തിൽ കാണാതായവരുടെ കുടുംബങ്ങളും അധ്യാപകരും തങ്ങളുടെ ആവശ്യങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിനായി നഗരത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ ഷക്കീറയെ കൂടാതെ കൊളംബിയൻ താരം ജെ ബാൽവിൻ, ആഫ്രോബീറ്റ്സ് താരം ബർണ ബോയ്, ലാറ്റിൻ ഗായകൻ ഡാനി ഓഷ്യൻ എന്നിവരും വേദിയിലെത്തി. മെക്സിക്കൻ പങ്ക് റോക്ക് ബാൻഡ് ‘മന’-യിലെ ഗായകൻ ഫെർ ഓൾവേരയുടെ ജനപ്രിയ ഗാനവും സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.

പരമ്പരാഗത ഗോത്രവർഗ്ഗ വസ്ത്രങ്ങൾ ധരിച്ച കലാകാരന്മാരും, സ്വർണ്ണനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വലിയ സ്വർണ്ണ ഫുട്ബോളുകൾ ഏന്തിയ പ്രകടനക്കാരും മെക്സിക്കോയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു. മെക്സിക്കൻ ടീമിൻ്റെ ജേഴ്സി നിറങ്ങളണിഞ്ഞ 82,000-ത്തോളം വരുന്ന ആരാധകരാൽ സ്റ്റേഡിയം പൂർണ്ണമായും നിറഞ്ഞിരുന്നു.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളുമായി സംയുക്തമായാണ് മെക്സിക്കോ ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഈ രാജ്യങ്ങളിലെ ഉദ്ഘാടനച്ചടങ്ങുകൾ വെള്ളിയാഴ്ച (ഇന്ന്) നടക്കും. ലോസ് ആഞ്ചലസിൽ നടക്കുന്ന അമേരിക്കയുടെ ഉദ്ഘാടന ചടങ്ങിൽ പാടാനായി ദക്ഷിണാഫ്രിക്കൻ താരം ടൈല വീണ്ടുമെത്തും. കേറ്റി പെറി, ഫ്യൂച്ചർ, ലിസ, അനിറ്റ തുടങ്ങിയ അന്താരാഷ്ട്ര പോപ്പ് താരങ്ങളും അമേരിക്കൻ വേദിയിൽ ടൈലയ്ക്കൊപ്പം അണിനിരക്കും.

Shakira’s dance moves light up the 2026 World Cup in Mexico despite protests

More Stories from this section

family-dental
witywide